ബസില്‍ വിദ്യാര്‍ഥിനിയോട് യാത്രക്കാരന് അപമര്യാദയായി പെരുമാറി
1442993
Thursday, August 8, 2024 3:54 AM IST
കോതമംഗലം: സ്വകാര്യ ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയോട് യാത്രക്കാരന് അപമര്യാദയായി പെരുമാറി. യാത്രക്കാരനെ പോലീസില്‍ ഏല്‍പ്പിക്കാത്ത ബസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം ബസ് തൊഴിലാളികൾ കോതമംഗലത്ത് മിന്നല്‍ പണിമുടക്ക് നടത്താന്‍ നീക്കം നടത്തി. പിന്നീട് ബസും ജീവനക്കാരനെയും പോലീസ് വിട്ടയച്ചതോടെ പണിമുടക്കിൽ നിന്നും പിൻമാറുകയായിരുന്നു.
പെൺകുട്ടിയോട് അപമര്യാതയായി പെരുമാറിയ യാത്രക്കാരനെ പോലീസിന് കൈമാറാത്ത ജീവനക്കാരുടെ നടപടിയില്‍ മറ്റ് യാത്രക്കാരുടെ ഭാഗത്തുനിന്നും പൊതുജനങ്ങളില്‍നിന്നും പ്രതിഷേധവും ഉയര്‍ന്നു. കോതമംഗലം- മൂവാറ്റുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ ഇന്നലെ രാവിലെയാണ് സ്കൂളിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടിക്ക് നേരെ യാത്രക്കാരന് മോശമായി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിപ്രകാരം സ്കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് ബസുമായി ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതേതുടര്‍ന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ ഉച്ചകഴിഞ്ഞ് മൂന്നോടെ മിന്നല്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
ഏതാനും ജീവനക്കാര്‍ സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനും മറ്റും ശ്രമം നടത്തുകയും ചെയ്തു. ഇതേ ബസില്‍ കഴിഞ്ഞ ദിവസവും മറ്റൊരു യാത്രക്കാരൻ സമാനരീതിയില്‍ പെണ്കുട്ടികളോടുണ്ടായ മോശം പെരുമാറ്റത്തില്‍ പോലീസ് കേസെടുത്തതുമാണ്.