ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന് സത്യവാങ്മൂലം
1442467
Tuesday, August 6, 2024 7:14 AM IST
കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയിൽ നല്കിയ ഹര്‍ജിയില്‍ എതിര് കക്ഷിയായ മാധ്യമപ്രവര്ത്തകന് അജിത് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണം. സ്വകാര്യതയുടെ പേരില്‍ കുറ്റക്യത്യങ്ങള്ക്കെതിരെ നടപടിയെടുക്കാതിരിക്കാനാകില്ല. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് ജസ്റ്റീസ് ഹേമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഇതിന് ബാധ്യസ്ഥരാണെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും പുറത്തുവിട്ടിട്ടില്ല. ഇതൊരിക്കലും നീതികരിക്കാന്‍ കഴിയുന്നതല്ല. കുറ്റവാളികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സമൂഹത്തിന് നേരെയുള്ള കുറ്റകൃത്യങ്ങള്‍ ,വ്യക്തിയുടെ സ്വകാര്യതയേക്കാള്‍ വലുതാണെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.
സമൂഹത്തില്‍ കുറ്റക്യത്യം നടന്നാല്‍ സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നിര്‍മാതാവിന്റെ ഹര്‍ജി തള്ളണമെന്നും അഡ്വ. ടി.ആര്.എസ്. കുമാര്‍ മുഖേന നല്കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.