ക്രൈസ്തവ ജീവിതത്തിന്റെ ശക്തികേന്ദ്രം പ്രാർഥന: മോണ്‍ വിൻസെന്റ് നെടുങ്ങാട്ട്
1442450
Tuesday, August 6, 2024 6:53 AM IST
കോതമംഗലം : ക്രൈസ്തവ ജീവിതത്തിന്റെ ശക്തികേന്ദ്രം പ്രാർഥനയാണന്നും പ്രാർഥനയിൽ അധിഷ്ഠിതമായ ജീവിതരീതി നാം അനുവർത്തിക്കണമെന്നും കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട്. കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക പുതിയതായി നിർമിക്കുന്ന മതബോധന കേന്ദ്രത്തിന്റെയും നവീകരിക്കുന്ന ഇടവക കാര്യാലയത്തിന്റെയും തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇടവകയുടെയും പ്രദേശത്തിന്റെയും ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് ഈ മന്ദിരങ്ങൾ ഇടയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മോണ്‍. വിൻസെന്റ് നെടുങ്ങാട്ട് ദിവ്യബലിയും അർപ്പിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ഫാ. ജോസ് കടുവിനാൽ, ഫാ. ജോഷി മലേക്കുടി, ഫാ. സുബിൻ കുറവക്കാട്ട് എന്നിവർ സഹകാർമികരായി. ഫാ. ജിനോ ഇഞ്ചപ്ലാക്കൽ, ഫാ. സൈമണ്‍ ചിറമേൽ, ഫാ. ജോസ് തച്ചുകുന്നേൽ, ഫാ. ജോർജ് കുറവക്കാട്ട്, കീരംപറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, വാർഡംഗം വി.കെ. വർഗീസ് എന്നിവർ പങ്കെടുത്തു.
വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് വൈദികരെ യോഗത്തിൽ അനുമോദിച്ചു. തുടർന്ന് സ്നേഹവിരുന്നും നടത്തി.