സിയാലിൽ വ്യോമയാന സുരക്ഷാ വാരാചരണം
1442128
Monday, August 5, 2024 3:24 AM IST
നെടുമ്പാശേരി: ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും (ബിസിഎഎസ്) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും (മോക്ക) നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നു മുതൽ 11 വരെ വ്യോമയാന സുരക്ഷാ വാരാചരണം സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ ആറിന് സംഘടിപ്പിക്കുന്ന കൂട്ടനടത്തതോടെ (വാക്കത്തോൺ) വ്യോമയാന സുരക്ഷാ വാരാചരണത്തിന് തുടക്കമാകും.
വ്യോമയാന സുരക്ഷയെക്കുറിച്ചുള്ള യാത്രക്കാരുടെ അവബോധം വർധിപ്പിക്കുക, പൊതുജനങ്ങൾക്കിടയിൽ ജാഗ്രതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 'മികച്ച ഡൈവെസ്റ്മെന്റിലൂടെ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുക' എന്നതാണ് ഈ വർഷത്തെ പ്രമേയം.
ക്വിസുകൾ, ഡോഗ് സ്ക്വാഡ് പ്രകടനങ്ങൾ, സാംസ്കാരിക സായാഹ്നങ്ങൾ, വാക്കത്തോണുകൾ, വിജ്ഞാനപ്രദമായ വീഡിയോ സ്ക്രീനിംഗുകൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും യാത്രക്കാർക്കുമായി വിമാനത്താവളത്തിനകത്തും പുറത്തും സംഘടിപ്പിക്കും.