ഒരു ടൺ ചെറുമത്സ്യങ്ങളുമായി 11 വള്ളം പിടികൂടി; 2.10 ലക്ഷം പിഴയിട്ടു
1442120
Monday, August 5, 2024 3:24 AM IST
ചെറുമത്സ്യങ്ങളെ കടലിലൊഴുക്കി
വൈപ്പിൻ: കടലിൽ നിന്ന് നിയമാനുസൃതമായ വലിപ്പത്തിൽ കുറഞ്ഞ ചെറുമത്സ്യങ്ങളെ പിടികൂടിയതിന് ചെല്ലാനം, കാളമുക്ക് ഹാർബറുകളിൽ നിന്നായി 11 വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്സ്മെന്റ് ടീം പിടികൂടി. ഒരു ടൺ ചെറുമത്സ്യങ്ങളെ വള്ളങ്ങളിൽ നിന്ന് കണ്ടെടുത്തു. യാനങ്ങൾക്ക് മൊത്തം 2.10 ലക്ഷം രൂപ പിഴ അടപ്പിച്ചു. ചെറുമത്സ്യം കടലിൽ കളഞ്ഞു.
ചെല്ലാനം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന എയർ ഇന്ത്യ, ജോസ്മോൻ, ഐഎംഎസ് എന്നീ വള്ളങ്ങളും കാളമുക്ക് കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന പ്രവാചകൻ, വാലയിൽ, ഹൈ നോക്ക് -1, ക്രിസ്തുരാജ്, സങ്കീർത്തനം, പാവനം, താനക്കൽ, പാട്ടുകാരൻ എന്നീ വള്ളങ്ങളാണ് പിടിയിലായത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസണിന്റെ നിർദേശത്തെ തുടർന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ ബി. എസ്. സീതാലക്ഷ്മി, അക്ഷയ് എ. കുമാർ, മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ മഞ്ജിത് ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.അനീഷ് അറിയിച്ചു.