ഉജ്ജ്വലം 2024; പുരസ്കാരങ്ങൾ വിതരണം ചെയ്തു
1441848
Sunday, August 4, 2024 4:55 AM IST
നെടുമ്പാശേരി: നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഭകൾക്കുള്ള "ഉജ്ജ്വലം 2024' പുരസ്കാരങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് വിതരണം ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത പ്രോത്സാഹനങ്ങൾ നൽകുന്നത് സഹകരണ സംഘങ്ങളാണ്. അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ദുരന്ത മേഖലകളിൽ സഹായഹസ്തവുമായി ആദ്യമെത്തുന്നതും സഹകരണ സംഘങ്ങളാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ആദ്യം തന്നെ 50 ലക്ഷം രൂപ നൽകിയ കേരള ബാങ്ക് ഉത്തമ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായിരുന്നു. നെടുമ്പാശരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ,
മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, പാറക്കടവ് പഞ്ചായത്ത് മെമ്പർ ജിഷ ശ്യാം, ജോബി നെല്കര, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ബിന്നി തരിയൻ, കെ.ജെ. പോൾസൻ, പി.കെ. എസ്തോസ്, കെ.ജെ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.