വയനാട്ടിൽ വീടുകൾ നിർമിച്ചു നൽകാൻ പദ്ധതിയുമായി വൈപ്പിൻ ബ്ലോക്ക്
1441841
Sunday, August 4, 2024 4:41 AM IST
വൈപ്പിൻ: ഒഴുകിയെത്തിയ ദുരന്തത്തിൽ സർവതും നഷ്ടമായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ശേഷിക്കുന്നവർക്ക് അന്തിയുറങ്ങാൻ ഭവനങ്ങൾ ഉയരുമ്പോൾ കൂട്ടത്തിൽ വൈപ്പിൻ ദ്വീപുനിവാസികളുടെ അലിവിന്റെ പ്രതീകമായുള്ള കാരുണ്യ ഭവനങ്ങളും അവിടെ ഉയരും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്താണ് ഇതിന് നേതൃസ്ഥാനം വഹിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി ഏതാണ്ട് 400 ഓളം വീടുകളാണ് നിർമിക്കേണ്ടതെന്നാണ് വിവരം. ഇതിൽ ഒരു കണ്ണിയാകുകയെന്നാണ് വൈപ്പിൻ ദ്വീപിന്റെ സഹായഹസ്തം വയനാട് വരെ നീട്ടാൻ തയാറെടുപ്പുകൾ നടത്തുന്ന വൈപ്പിൻ ബ്ലോക്കിന്റെ ലക്ഷ്യം.
ഗ്രാമ പഞ്ചായത്തുകളുമായി ആലോചിച്ചാണ് തീരുമാനം എടുത്തിട്ടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അറിയിച്ചു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് ദുരന്ത മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ശേഷമാണ് വീടുകൾ നൽകുക എന്ന ആശയം ഉദിച്ചത്.
ഇക്കാര്യം ഭരണ സമിതി ചർച്ച ചെയ്ത് അംഗീകരിക്കുകയും തങ്ങളുടെ ഒരു മാസത്തെ ഓണറേറിയം ഭവന ഫണ്ടിലേക്ക് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി കണ്ടെത്താൻ വൈപ്പിൻ ബ്ലോക്കിലെ എല്ലാത്തരം ആളുകളുടേയും കൂട്ടായ്മകളുടേയും സഹായമഭ്യർഥിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്.