ദുരിതാശ്വാസ നിധി: ദുരിതക്കയത്തിൽ കൈത്താങ്ങായി കൂത്താട്ടുകുളം നഗരസഭ
1441573
Saturday, August 3, 2024 4:19 AM IST
കൂത്താട്ടുകുളം: ദുരിതക്കയത്തിൽ കൈത്താങ്ങായി കൂത്താട്ടുകുളം നഗരസഭ. വയനാടിന്റെ മക്കൾക്ക് വീട് ഒരുക്കാൻ കൗണ്‍സിലിന്റെ പ്രത്യേക അനുമതി. അടിയന്തരമായി കൂടിയ കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. വയനാട്ടുകാരന് ഒരു വീടെങ്കിലും നിർമിച്ചു നൽകണമെന്നാണ് നഗരസഭയുടെ ലക്ഷ്യം.
ധനസമാഹാരത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ നഗരസഭാ പ്രതിപക്ഷനേതാവ് പ്രിൻസ് പോൾ ജോണ്‍ വയനാട്ടുകാരന് വീട് ഒരുക്കുന്നതിലേക്കായി ഒരു ലക്ഷം രൂപ നൽകാൻ തയാറായി. നഗരസഭാ ഫണ്ട് ഉൾപ്പെടെ രണ്ടരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് നഗരസഭാ അധ്യക്ഷ വിജയാ ശിവൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകി. സ്ഥിരംസമിതി അധ്യക്ഷരായ ജിജി ഷാനവാസ്, അംബികാ രാജേന്ദ്രൻ, നഗരസഭാംഗങ്ങളായ പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, ബേബി കീരാന്തടം, ജിഷ രഞ്ജിത്ത്, സാമോൾ സുനിൽ, സുമ വിശ്വംഭരൻ, സെക്രട്ടറി എസ്. ഷീബ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.