പൊതു ഗതാഗത സംവിധാനം: ജനകീയ സദസ് സംഘടിപ്പിച്ചു
1441570
Saturday, August 3, 2024 4:08 AM IST
മൂവാറ്റുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ജനകീയ സദസ് സംഘടിപ്പിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം മൂവാറ്റുപുഴ മണ്ഡലത്തിലെ നഗരസഭയിലേയും പഞ്ചായത്തുകളിലേയും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനാണ് ജനകീയ സദസ് സംഘടിപ്പിച്ചത്.
ഗതാഗതം കാര്യക്ഷമമല്ലാത്ത പ്രദേശങ്ങളിൽ യാത്രാക്ലേശം പരിഹരിക്കുവാൻ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിന് നിർദേശങ്ങൾ ലഭിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷതവഹിച്ചു.
മൂവാറ്റുപുഴ ആർടിഒ കെ.കെ. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. മൂവാറ്റുപുഴ നഗരസഭാംഗം കെ.ജി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷണൻ, മൂവാറ്റുപുഴ ജോയിന്റ് ആർടിഒ സി. ചന്ദ്രഭാനു, കോതമംഗലം ജോയിന്റ് ആർടിഒ സലീംകുമാർ, മൂവാറ്റുപുഴ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൻ.എസ്. കിഷോർകുമാർ, ജിൻസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, അസി. എൻജിനീയർമാർ എന്നിവർ ഗ്രാമീണ റോഡുകളിലൂടെ പുതിയ ബസ് റൂട്ടുകൾ നിർദേശിച്ചു. ജനപ്രതിനിധികൾ പോലീസ്, കെഎസ്ആർടിസി പ്രതിനിധികൾ, വിവിധ സംഘടന ഭാരവാഹികൾ, സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് സംഘടന ഭാരവാഹികൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.