സര്‍ക്കാര്‍ ആശുപത്രികള്‍ "വെന്റിലേറ്ററിൽ'
1438465
Tuesday, July 23, 2024 7:24 AM IST
കൊച്ചി: രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ചികിത്സ തേടിയെത്തുന്നവര്‍ ഏറെയാണ്. ഒപി ടിക്കറ്റ് എടുക്കാന്‍ വേണ്ടി നീണ്ട നിര തന്നെ ഇവിടെ കാണാം. ഒപി ബ്ലോക്കിലും ഓരോ ഡോക്ടര്‍മാരുടെ മുറിക്ക് മുമ്പില്‍ ടോക്കണ്‍ നമ്പര്‍ കാത്ത് മണിക്കൂറുകളോളം ക്യൂ കാണാം.
നാല് ഫിസിഷന്മാരും മറ്റു ജീവനക്കാരും ഇവരെ സഹായിക്കുന്നതിനായി ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ നിന്നുള്ള ജീവനക്കാരും സേവനത്തിനായി ആശുപത്രിയിലുണ്ട്. എന്നാല്‍ പോലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ എറണാകുളം ജനറല്‍ ആശുപത്രിയിലുണ്ട്. എന്നാല്‍ ജില്ലയിലെ മറ്റു താലൂക്കാശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതി മോശമാണ്. പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമില്ലെന്ന പരാതി വ്യാപകമാണ്.
കൂടാതെ കിടത്തി ചികിത്സയും മറ്റു അടിസ്ഥാന സൗകര്യ ന്യൂനതകളും ചികിത്സയ്ക്കെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വികസനമില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി
മൂവാറ്റുപുഴ: സാധാരണക്കാരായ ജനങ്ങള്‍ അധിവസിക്കുന്ന കിഴക്കന്‍മേഖലയിലെ നൂറുകണക്കിനു രോഗികള്‍ ആശ്രയിക്കുന്ന ആതുരാലയമാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രി. താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ട് നാളുകളേറെയായെങ്കിലും ഇതിനനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാത്തത് ഇവിടെയെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത കെട്ടിടങ്ങളിലായിരിക്കുന്നത് രോഗികളെ ഏറെ വലയ്ക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ അധിവസിക്കുന്ന കിഴക്കന്‍മേഖലയിലെ നൂറുകണക്കിനു രോഗികള്‍ ആശ്രയിക്കുന്ന ആതുരാലയമാണിത് . ഒരു കെട്ടിടത്തില്‍ തന്നെ ഒപി സേവനം ലഭ്യമാക്കണമെന്ന് ജനങ്ങള്‍ പലവട്ടം അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
അപകടംപറ്റിയോ മറ്റും നടക്കാന്‍ കഴിയാത്ത രോഗികളെ അത്യാഹിത വിഭാഗത്തില്‍ നിന്നും കിടത്തി ചികിത്സയ്ക്കായി വാര്‍ഡുകളിലേക്ക് കൊണ്ടുപോകുന്നത് ഏറെ ദുരിതമാണ്. മഴ പെയ്യുകയോ മറ്റും ചെയ്താല്‍ സ്ട്രെച്ചറില്‍ പോകുന്ന രോഗികള്‍ നനയുന്ന അവസ്ഥയുമാണ്.
അപര്യാപ്തതയിൽ അങ്കമാലി
അങ്കമാലി: താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും അങ്കമാലി സര്‍ക്കാര്‍ ആശുപത്രി ഇന്നും അപര്യാപ്തയുടെ നടുവില്‍ തന്നെ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്ന ആശുപത്രിയെ 2012 ലാണ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. ഇന്നും ആവശ്യത്തിന് സൗകര്യങ്ങള്‍ ഇവിടെയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ക്കു ഉപരിയായി ഡോക്ടര്‍മാരുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും എണ്ണത്തിലുള്ള അപര്യാപ്തതയാണ് പ്രധാന പ്രശ്നം.
നിലവില്‍ ദേശീയ ആരോഗ്യ മിഷനില്‍ നിന്നുള്ള രണ്ടു പേരുള്‍പ്പെടെ മൊത്തം 15 ഡോക്ടര്‍മാരുടെ തസ്തികകളാണുള്ളത്. ഇതില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടെ രണ്ടു തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. 41 കിടക്കകളാണ് ആകെയുള്ളത്. കിടക്കകളുടെ അനുപാതമനുസരിച്ച് 21 നഴ്സിംഗ് സ്റ്റാഫ് വേണ്ടയിടത്ത് 12 പേര് മാത്രമാണ് സ്ഥിരമായുള്ളത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ മൂന്നു പേരുമുണ്ട്.
പ്രതിദിനം ശരാശരി എണ്ണൂറോളം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. നൂറ്റമ്പതിനും ഇരുന്നൂറിനും ഇടയില്‍ കേസുകള്‍ അത്യാഹിത വിഭാഗത്തിലും എത്തുന്നുണ്ട്. കാലവര്‍ഷം തുടങ്ങിയതോടെ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ജൂലൈ മാസത്തില്‍ പനി ബാധിച്ച് എത്തിയവരില്‍ 14 പേര്‍ക്ക് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ ഇപ്പോഴും ചികിത്സയിലുണ്ട്.
ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും അപര്യാപ്ത മൂലം ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവ വാര്‍ഡും മാതൃ ശിശു സംരക്ഷണ യൂണിറ്റും മാസങ്ങളായി അടച്ചുപൂട്ടി കിടക്കുകയാണ്. സ്പെഷാലിറ്റി വിഭാഗങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ തസ്തികകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം നഴ്സിംഗ് സ്റ്റാഫിന്റെ എണ്ണത്തിലുള്ള കുറവും അടിയന്തിരമായി പരിഹരിക്കണം. അങ്കമാലി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ആയിരക്കണക്കിന് പാവപ്പെട്ട രോഗികളാണ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്.
ഞാറയ്ക്കൽ ആശുപത്രിയിൽ വെള്ളക്കെട്ടും വെല്ലുവിളി
വൈപ്പിന്‍: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഞാറക്കല്‍ താലൂക്കാശുപത്രിയില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സേവനം പോലും ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദിനംപ്രതി 500 നടുത്ത് രോഗികള്‍ എത്തുന്ന ഇവിടെ ചികിത്സിക്കാന്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തത് വളരെയേറെ പ്രതിസന്ധി സൃഷ്ടിക്കുന്നു.
സൂപ്രണ്ട് അടക്കം എട്ടു ഡോക്ടര്‍മാരാണ് ഇവിടെ ഉള്ളത്. എന്നാല്‍ ചികിത്സിക്കാന്‍ ഉള്ളതാകട്ടെ രണ്ടു പേര് മാത്രം. ചില സമയങ്ങളില്‍ ആരുമില്ലാതെ വരുമ്പോള്‍ ആശുപത്രി സൂപ്രണ്ടാണ് പലപ്പോഴും ഒപിയില്‍ ഇരുന്ന് രോഗികളെ ചികിത്സിക്കുന്നത്. ബാക്കിയുള്ളവരെല്ലാം അവധിയെടുത്തു പോയിരിക്കുകയാണ്.
ഒരു മഴ പെയ്താല്‍ പോലും ആശുപത്രി വളപ്പില്‍ വെള്ളക്കെട്ടാണ്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതു സര്‍ക്കാര്‍ അധികാരം ഒഴിയുന്ന സമയത്താണ് ഞാറക്കലിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി പ്രഖ്യാപിച്ചത്. കെട്ടിട സമുച്ചയങ്ങള്‍ ഇവിടെയുണ്ടെങ്കിലും മതിയായ ഡോക്ടര്‍മാരുടെ സേവനമില്ല.
ഡോക്ടര്‍മാരും ജീവനക്കാരും വിരളം,പരാധീനതകളിൽ ആലുവ ജില്ലാ ആശുപത്രി
ആലുവ: താലൂക്ക് ആശുപത്രിയെ ജില്ലാശുപത്രിയായി ഉയര്‍ത്തിയിട്ടും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും തസ്തികകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ലെന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നാല് ഫിസിഷ്യന്‍ വേണ്ടിടത്ത് രണ്ട് പേർ മാത്രം. അതില്‍ ഒരാള്‍ വയനാട്ടേക്ക് വര്‍ക്ക് അറേഞ്ച്മെന്റിൽ പോയിരിക്കുകയാണ്. കോവിഡ് കാലത്ത് സജ്ജമായിരുന്ന ഐസിയു പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. നഴ്സുമാരുടെയും കുറവുണ്ട്. വിഷയം അന്‍വര്‍ സാദത്ത് എംഎല്‍എ നിയമസഭയില്‍ പലവട്ടം ഉന്നയിച്ചെങ്കിലും നടപടി വാഗ്ദാനങ്ങളില്‍ ഒതുങ്ങി.
ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിസിന് കണ്‍സള്‍ട്ടന്റ് ,സീനിയര്‍ കണ്‍സള്‍ട്ടന്റ്, സര്‍ജറി കണ്‍സള്‍ട്ടന്റ്, ഫോറന്‍സിക് മെഡിസിന് ജൂണിയര്‍ കണ്‍സള്‍ട്ടന്റ്, പാതോളജിസ്റ്റ്, ബ്ലെഡ് ബാങ്ക് ഓഫീസര്‍, റേഡിയോളജിസ്റ്റ് , സോണോളജിസ്റ്റ്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക്, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസം 140 ഡെങ്കി കേസുകളാണ് ആലുവ മേഖലയില്‍ നിന്ന് ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ അവസാനിക്കാറായപ്പോള്‍ 174 ആയി ഉയര്‍ന്നു.
തൃക്കാക്കരയിൽ ചുറ്റുമതിലില്ല, ചുറ്റും നായശല്യവും
കാക്കനാട്: ജനസാന്ദ്രതയിലും റവന്യു വരുമാനത്തിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള തൃക്കാക്കര നഗരസഭയിലെ പ്രധാന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ 35ാം ഡിവിഷനിലെ തൃക്കാക്കര പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ശോച്യാവസ്ഥയിലാണ്.
രണ്ട് ഡോക്ടര്‍മാരും, കണ്ണുപരിശോധനക്ക് ഒഫ്താൽമോളജിസ്റ്റും ഉള്ള ഇവിടെ ദിവസേന 200 മുതല്‍ 300 വരെ രോഗികള്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. എന്നാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലാബ് ശോചനീയാവസ്ഥയിലായതോടെ രോഗികള്‍ക്ക് രക്തം, മൂത്രം, ഷുഗര്‍ എന്നിവ പരിശോധിക്കണമെങ്കില്‍ നാല് കിലോമീറ്റര്‍ സഞ്ചരിച്ച് കാക്കനാട് പ്രാഥമികരോഗ്യ കേന്ദ്രത്തിലെത്തണം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുത്തിവയ്പ് എടുക്കുന്ന മുറിയുടെ സീലിംഗും തകര്‍ന്ന നിലയിലാണ്. ഇതിനെല്ലാംപുറമെ ചുറ്റുമതിലില്ലാത്തതിനാല്‍ ആശുപത്രി വളപ്പില്‍ തെരുവുനായ ശല്യവും രൂക്ഷമാണ്. ഒരു മാസം മുന്‍പ് ആശാവര്‍ക്കര്‍ അടക്കം മൂന്നു പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. ആശുപത്രി വളപ്പില്‍ കട്ട വിരിച്ച് ചുറ്റുമതില്‍ കെട്ടി, കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സജീന അക്ബര്‍ പറയുന്നു.
പെരുന്പാവൂരിലുമുണ്ട് പോരായ്മകൾ
പെരുമ്പാവൂര്‍ : പനിയും പകര്‍ച്ച വ്യാധികളും പടരുന്ന സാഹചര്യത്തില്‍ പരിതാപകരമായ അവസ്ഥയിലാണ് പെരുമ്പാവൂര്‍ താലൂക്കാശുപത്രി. 20 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 17 പേര് മാത്രമാണുള്ളത്. ഇവരിലാരെങ്കിലും അവധിയെടുത്താല്‍ ആശുപത്രി പ്രവര്‍ത്തനം കൂടുതല്‍ താറുമാറാകും.
ആര്‍എം ഒ, സര്ജന്, പീഡിയാട്രീഷ്യന്‍ എന്നീ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. 216 ബെഡ് ഉള്ള ആശുപത്രിയില്‍ 144 എണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കത്തെതുടര്‍ന്ന് ഒരു വാര്‍ഡ് അടച്ചു പൂട്ടി. കൂടാതെ ആശുപത്രിയില്‍ മരുന്നും കുറവാണ്. ഒപി പുനരുദ്ധാരണത്തിന്റെ പേരില്‍ എംഎം റോഡ് വശം കവാടം അടച്ചത് ഇതുവരെ തുറന്നിട്ടില്ല.
മുമ്പ് പ്രതിദിനം 1000 രോഗികള്‍ ചികിത്സ തേടിയിരുന്നത് ഇപ്പോള്‍ 1250 ആയി വര്‍ധിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയും അടിയന്തിര നിയമനങ്ങള്‍ നടത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.