മരണാനന്തര സഹായധനം നിഷേധിച്ചു; സാധുജന സംഘം നഷ്ടപരിഹാരം നൽകണം
1438460
Tuesday, July 23, 2024 7:24 AM IST
കൊച്ചി: അവിവാഹിതനായ സഹോദരന്റെ മരണാനന്തര ധനസഹായം നൽകാത്ത സാധുജന സംഘത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയാണെന്നും 45 ദിവസത്തിനകം പരാതിക്കാർക്ക് നഷ്ടപരിഹാരം നല്കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.
ഇടക്കൊച്ചി സ്വദേശികളായ മേരി ബോണിഫസ്, ഭർത്താവ് പി.ടി. ബോണിഫസ് എന്നിവർ ചേർന്ന് സാധുജന സംഘത്തിന്റെ നിയമാവലിയിലെ വ്യവസ്ഥകൾ ലംഘിച്ച നടപടി ചോദ്യം ചെയ്ത് തോപ്പുംപടിയിലെ സാധുജന സംഘത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
സംഘത്തിന്റെ നിബന്ധനകൾ പ്രകാരം ലഭിക്കേണ്ട 31,000 രൂപ പലിശ സഹിതവും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 40,000 രൂപയും പരാതിക്കാർക്ക് നൽകാൻ എതിർകക്ഷിക്ക് കോടതി നിർദേശം നൽകി.
ഡി.ബി. ബിനു പ്രസിഡന്റായ ബെഞ്ചിന്റേതാണ് ഉത്തരവ്.