പട്ടിക്കൂട്ടിലെ താമസം : ജില്ലാ ലേബർ ഓഫീസർ പരിശോധന നടത്തി
1438451
Tuesday, July 23, 2024 7:12 AM IST
പിറവം: ഇതര സംസ്ഥാന തൊഴിലാളി പട്ടിക്കൂട്ടിൽ വാടകയ്ക്ക് താമസിക്കാനിടയായ സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറെത്തി പരിശോധന നടത്തി. പശ്ചിമബംഗാൾ സ്വദേശിയായ ശ്യാംസുന്ദറാണ് (38) കഴിഞ്ഞ മൂന്ന് മാസമായി പിറവത്ത് പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ പഴയ വീട്ടിലെ പട്ടിക്കൂട്ടിൽ വാടകയ്ക്ക് താമസിച്ചത്.
ഭക്ഷണം പാചകം ചെയ്യുന്നതും ഉറക്കവുമെല്ലാം കൂടിനുള്ളിൽ തന്നെയായിരുന്നു. ഇതു വിവാദമായതോടെ പോലീസും ജനപ്രതിനിധികളും ഇടപ്പെട്ട് തൊഴിലാളിയെ അവിടെനിന്നും കഴിഞ്ഞ ദിവസം നഗരസഭയുടെ ഷെൽറ്റർ ഹോമിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.
ജില്ലാ ലേബർ ഓഫീസർ ടി.ജി. വിനോദ്കുമാർ, മൂവാറ്റുപുഴ താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ പി.കെ. ദീപ എന്നിവർ ഇതര സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന പട്ടിക്കൂട് പരിശോധിച്ചു. തൊഴിലാളി ശ്യാംസുന്ദറിന്റെ വെള്ളൂരിലെ പണി സ്ഥലത്തെത്തിയാണ് മൊഴിയെടുത്തത്. ബിസിനസുകാരനായ വീട്ടുടമ ഇവിടെയില്ലാത്തതിനാൽ കണ്ടില്ല.
ഇന്നലെത്തന്നെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. സർക്കാർ നിർദേശമനുസരിച്ചാണ് തൊഴിൽ വകുപ്പ് അന്വേഷണം നടത്തിയത്. തൊഴിൽ സംബന്ധമായ മറ്റു പ്രശ്നങ്ങളല്ലാത്തതിനാൽ ഇക്കാര്യത്തിൽ തൊഴിൽ വകുപ്പിന് ഒന്നും ചെയ്യാനില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ പട്ടിക്കൂട് വാടകയ്ക്ക് നൽകിയത് സംബന്ധിച്ച് നടപടിയെടുക്കേണ്ടത് തദ്ദേശ സ്ഥാപനമാണെന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.