കുര്യൻമലയിൽ മിനിസ്റ്റേഡിയം ശിലാസ്ഥാപനം
1438443
Tuesday, July 23, 2024 7:01 AM IST
മൂവാറ്റുപുഴ: കോണ്‍ഗ്രസ് നേതാവും മുൻ മൂവാറ്റുപുഴ നഗരസഭാധ്യക്ഷനുമായിരുന്ന പരേതനായ കെ.ആർ. സദാശിവൻ നായരുടെ സ്മരണാർഥം കുര്യൻമലയിൽ നിർമിക്കുന്ന മിനി സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു.
85 സെന്റ് സ്ഥലത്ത് നിർമിക്കുന്ന സ്റ്റേഡിയത്തോടനുബന്ധിച്ച് ടർഫ്, മഡ് കോർട്ട്, ഗാലറി, ഓഫീസ്, വിശ്രമ മുറികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമത്തിൽ ഒരു കളിസ്ഥലം പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന മിനി സ്റ്റേഡിയത്തിന്റെ നിർമാണ ചുമതല സ്പോർട്ട്സ് കേരള ഫൗണ്ടേഷനാണ്. ആകെ 70 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്നതിൽ 35 ലക്ഷം സംസ്ഥാന സർക്കാരിൽനിന്നും 10 ലക്ഷം വീതം നഗരസഭ, എംപി ഫണ്ട് എന്നിവയിൽനിന്നും 15 ലക്ഷം എംഎൽഎ ഫണ്ടിൽ നിന്നുമാണ് വകയിരുത്തിയിട്ടുള്ളത്.
എംഎൽഎമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, നഗരസഭ വൈസ് ചെയർപഴ്സണ്‍ സിനി ബിജു, അജി മുണ്ടട്ട്, ജോസ് കുര്യാക്കോസ്, നിസ അഷ്റഫ്, അബ്ദുൽ സലാം, കെ.ജി. അനിൽകുമാർ, ജോയ്സ് മേരി ആന്റണി, ജാഫർ സാദിഖ്, പി.എം. സലിം, ജോളി മണ്ണൂർ, വർഗീസ് മാത്യു, പി.എം. ഏലിയാസ്, സോജൻ പിട്ടാപ്പിള്ളി, പി.പി. നിഷ, സന്ധ്യ സാദാശിവൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.