ഹോട്ടൽ അടച്ചു; നിപയെന്ന് അഭ്യൂഹം പരന്നു
1438442
Tuesday, July 23, 2024 7:01 AM IST
വാഴക്കുളം: രാവിലെ തുറന്ന ഹോട്ടൽ ഉച്ചഭക്ഷണ നേരത്തിനു മുമ്പേ അടച്ചത് നിപ ബാധയെത്തുടർന്നാണെന്ന് അഭ്യൂഹം പരന്നു. വാഴക്കുളം ടൗണിന്റെ കിഴക്കേ ഭാഗത്തുള്ള ഹോട്ടലിനോടനുബന്ധിച്ചാണ് സംഭവം.
ഹോട്ടലിലെ രണ്ടു പാചകക്കാർ അപ്രതീക്ഷിതമായി അവധി എടുത്തതോടെയാണ് ഉച്ചഭക്ഷണം തയാറാകുന്നതിനു മുമ്പ് ഹോട്ടൽ അടയ്ക്കേണ്ടി വന്നത്. ഒരു പാചകക്കാരൻ രാവിലെ ജോലിക്കെത്തിയെങ്കിലും കുടുംബാംഗത്തിന് പനി ആയതിനാൽ ആശുപത്രി ആവശ്യവുമായി അവധി എടുക്കുകയായിരുന്നു. മറ്റേയാളുടെ കൈവിരൽ മുറിഞ്ഞ് ആശുപത്രിയിൽ പോകേണ്ട സാഹചര്യവുമുണ്ടായതോടെയാണ് ഹോട്ടൽ അടച്ചത്.
പൊടുന്നനെ ഹോട്ടൽ അടച്ചതു ശ്രദ്ധയിൽപ്പെട്ടവരാരോ ആശുപത്രി, പനി എന്ന് കേട്ടതോടെ അഭ്യൂഹം പരത്തുകയായിരുന്നു. ആരോഗ്യ വിഭാഗം അധികൃതർ ഹോട്ടലുമായി ബന്ധപ്പെട്ട പാചകക്കാരുടെ വിശദവിവരങ്ങൾ ആശുപത്രിയിൽ തിരക്കി ബോധ്യപ്പെടുകയും ചെയ്തു. ആരോഗ്യ വിഭാഗം ഇടപെടുകയും ചെയ്തതോടെ ഒരാഴ്ചക്കുള്ളിൽ ഹോട്ടലിലെത്തിയവർ പരിഭ്രാന്തരായി.
എന്നാൽ മേഖലയിൽ ഒരിടത്തും നിലവിൽ നിപ രോഗലക്ഷണങ്ങളോടെ പനി ബാധിതരില്ലെന്നാണ് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചിട്ടുള്ളത്. ഹോട്ടൽ ഇന്ന് തുറന്ന് പ്രവർത്തിക്കുമെന്ന് ഉടമ അറിയിച്ചു.