അങ്കമാലി-കുണ്ടന്നൂര്‍ ഹൈവേ നിർമാണം 2025ൽ
1438062
Monday, July 22, 2024 3:30 AM IST
കൊച്ചി: എന്‍എച്ച് 544ലെ തിരക്ക് കുറയ്ക്കാന്‍ രൂപകല്പന ചെയ്ത അങ്കമാലി-കുണ്ടന്നൂര്‍ പുതിയ ഹൈവേ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും. വൈകാതെ പുതിയ ബൈപ്പാസിനായുള്ള 3എ വിജ്ഞാപനം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ അന്തിമ അലൈന്മെന്റ് ഇനിയും പുറത്തുവിട്ടിട്ടില്ല. റോഡിനു വണ്ടി ദേശീയപാത അഥോറിറ്റിയാണ് സ്ഥലമെടുക്കുന്നത്. റോഡ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കളുടെ റോയല്‍റ്റിയും നികുതിയുമടക്കം 424 കോടി രൂപയോളം സംസ്ഥാന സര്‍ക്കാര്‍ വേണ്ടന്നുവച്ചിട്ടുണ്ട്. ഇതോടെയാണ് മന്ദഗതിയിലായിരുന്ന പദ്ധതിക്ക് ഇപ്പോള്‍ അനക്കം വച്ചത്.
പുതിയ ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ അങ്കമാലിയില്‍ നിന്ന് അരമണിക്കൂറില്‍ കുണ്ടന്നൂരിലെത്താം. ഭാരത് മാല പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഇതിന് അനുമതി നല്‍കിയിരുന്നെങ്കിലും കാലാവധി അവസാനിച്ചതിനാല്‍ ഒരിക്കല്‍കൂടി പദ്ധതിക്കായി കേന്ദ്രാനുമതി തേടേണ്ടി വരും. 6000 കോടി രൂപ ചെലവില്‍ 44 കിലോ മീറ്റര്‍ നീളുന്നതാണ് പുതിയ റോഡ്.
കുണ്ടന്നൂര്‍ നെട്ടൂരില്‍ നിന്ന് ആരംഭിച്ച് പുത്തന്‍കുരിശ്, പട്ടിമറ്റം, കാഞ്ഞൂര്‍, മറ്റൂര്‍ വഴി അങ്കമാലി കരയാംപറമ്പിൽ എത്തുന്നതാണ് നിലവിലെ അലൈന്മെന്റ്. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം. 221.66 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഭൂരിഭാഗവും വയല്‍ പ്രദേശങ്ങളാണ്.
അഞ്ചില്‍ താഴെ മാത്രം ഇടങ്ങളിലാകും റോഡിലേക്ക് പ്രവേശനം ഉണ്ടാകുക. പുതിയ റോഡ് വരുന്നതോടെ വൈറ്റില, ഇടപ്പള്ളി, കളമശേരി, ആലുവ പ്രദേശങ്ങളിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാനാകും. ഇത് നഗരത്തിനുള്ളിലെ തിരക്ക് കുറയുന്നതിനും സഹായകമാകും.