എച്ച്എംടി ജംഗ്ഷനിൽ ഗതാഗത പരിഷ്കാരം നാല് മുതല്‍
1437692
Sunday, July 21, 2024 3:49 AM IST
കൊച്ചി: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കളമശേരി എച്ച്എംടി ജംഗ്ഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത പരിഷ്കാരം ഓഗസ്റ്റ് നാലു മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
ആലുവ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ കളമശേരി ആര്യാസ് ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്എംടി ജംഗ്ഷന് വഴി ടിവിഎസ് കവലയിലെത്തി ദേശീയ പാതയില്‍ പ്രവേശിക്കണം. എറണാകുളത്ത് നിന്ന് എച്ച്എംടി ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ ടിവിഎസ് കവലയില്‍ നിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും. പകരം പ്രീമിയര്‍ ജംഗഷനില്‍ നിന്ന് യു ടേണ്‍ എടുത്ത് എച്ച്എംടി ജംഗ്ഷനിലെത്തണം.
മെഡിക്കല്‍ കോളജ്, എന്‍എഡി റോഡ് എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ എച്ച്എംടി ജംഗ്ഷനില്‍ നിന്ന് വലത്തേക്ക് തിരിയുന്നത് തടയും. ഈ വാഹനങ്ങള്‍ ടിവിഎസ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പോകണം.
സൗത്ത് കളമശേരി ഭാഗത്ത് നിന്ന് എച്ച്എംടി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങള്‍ ടിവിഎസ് കവലയില്‍ നിന്ന് പ്രീമിയര്‍ ജംഗ്ഷനിലെത്തി യു ടേണ്‍ എടുത്ത് പോകണം. ആര്യാസ് ജംഗ്ഷന് മുതല്‍ ടിവിഎസ് കവല വരെ ഒറ്റവരി ഗതാഗതം നടപ്പാക്കുന്നതിലൂടെ സിഗ്നല്‍ ക്രോസിംഗ് ഒഴിവാക്കുകയാണ് ലക്ഷ്യം.