കൊച്ചിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മാലിന്യക്കടത്ത്; ലോറികള്‍ പിടിച്ചെടുത്തു
1437179
Friday, July 19, 2024 3:28 AM IST
ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മാലിന്യം കൊണ്ടുപോയ ലോറിയും ഡ്രൈവര്‍മാരും പോലീസ് പിടിയിലായി. ലോഡ് അതിര്‍ത്തി കടന്നതിനു ശേഷം ഏജന്റുമാര്‍ പിന്മാറിയതിനെ തുടര്‍ന്ന് രണ്ടു ലോറി ഡ്രൈവര്‍മാരാണ് അറസ്റ്റിലായിട്ടുള്ളത്. അറുപതു ദിവസമായി ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ജയിലില്‍ കഴിയുകയാണ്.
മട്ടാഞ്ചേരി ഡിവിഷന് ഓഫീസിന്റെ ഡംപ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന മാലിന്യം കോയമ്പത്തൂരില്‍ സിമന്റ് കമ്പനിയില്‍ എത്തിക്കണമെന്ന എജന്റുമാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ മാലിന്യ ലോറിയുമായി കോയമ്പത്തൂരിലേക്ക് പോയത്. കോയമ്പത്തൂരില്‍ എത്തിയ വാഹനത്തില്‍ നിന്ന് ലോഡ് ഇറക്കാന്‍ സാധിച്ചില്ല. ഇതിനിടെ കോയമ്പത്തൂര്‍ നഗരസഭ പരിശോധന നടത്തുകയും ലോറി പിടിച്ചെടുക്കുകയുമായിരുന്നു.
മാലിന്യവുമായി പോകുന്ന ലോറികളില്‍ ജിപിഎസ് ഘടിപ്പിക്കുകയും മാലിന്യം അതത് സ്ഥലങ്ങളില്‍ ഇറക്കുമ്പോള്‍ ജിപിഎസ് വഴി കൃത്യസ്ഥലത്ത് തന്നെയാണ് ലോഡുകള്‍ എത്തിച്ചിരിക്കുന്നത് എന്ന് രേഖപ്പെടുത്തുകയും ചെയ്തശേഷം മാത്രമേ ലോറിയുടെ വാടക നല്കാന് പാടുള്ളൂ എന്ന് കരാർ വ്യവസ്ഥ ഇരിക്കെയാണ് ഇത്തരത്തില്‍ മാലിന്യം മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോവുകയും ലോറി ഡ്രൈവര്‍മാര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുള്ളത്.
കരാര്‍ വ്യവസ്ഥയ്ക്കെതിരെ ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി മാലിന്യം നിക്ഷേപിക്കുന്നതിന് കൊച്ചി നഗരസഭയും സെക്രട്ടറിയും മറുപടി പറയേണ്ടി വരുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
അടിയന്തരമായി ഈ വിഷയത്തില്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മാലിന്യം നീക്കം ചെയ്യാന്‍ ലോറികള്‍ കിട്ടാത്ത അവസ്ഥയാകുമെന്നും പ്രതിപക്ഷം പറഞ്ഞു.