സ്കൂൾ ബസ് കുഴിയിൽ താഴ്ന്ന് അപകടം
1435642
Saturday, July 13, 2024 3:42 AM IST
ആലുവ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭൂഗർഭ പൈപ്പിനായി കുഴിച്ച കുഴിയിൽ വീണ സ്കൂൾ ബസ് വൈദ്യുതി പോസ്റ്റിടിലിച്ച് നിന്നു. കോൺക്രീറ്റ് പോസ്റ്റ് രണ്ടായി ഒടിഞ്ഞെങ്കിലും വിദ്യാർഥികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 3.45ഓടെ ഏലൂക്കര - മുപ്പത്തടം റോഡിൽ പടുവത്തിക്കുന്നിന് സമീപമായിരുന്നു അപകടം. ആലങ്ങാട് ഇൻഫന്റ് ജീസസ് സീനിയർ സെക്കൻഡറി സ്കൂളിന്റെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്.
15ഓളം കുട്ടികളും ആയയും ബസിൽ ഉണ്ടായിരുന്നു. എതിർദിശയിൽ നിന്ന് വന്ന ഇരുചക്ര വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ച ശേഷം കഴിഞ്ഞ ദിവസം മണ്ണിട്ട് മൂടിയ കുഴിയിൽ ബസിന്റെ മുൻചക്രം പുതഞ്ഞത്. തെന്നി നീങ്ങിയ ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. പോസ്റ്റ് തകർന്നെങ്കിലും വൈദ്യുതി ലൈൻ പൊട്ടി ബസിന് മുകളിലേക്ക് വീഴാതിരുന്നത് ആശ്വാസമായി.
ജലജീവൻ മിഷന്റെ ആവശ്യത്തിനായി ഭീമൻ പൈപ്പുകൾ മാസങ്ങളായി റോഡരികിൽ ഇട്ടിരിക്കുകയാണ്. വള്ളിപ്പടർപ്പുകൾ മൂടിയതിനാൽ അപകട സാധ്യതയേറെയാണ്. പൈപ്പുകൾ റോഡരികിൽ സൂക്ഷിക്കരുതെന്ന നിർദേശം കരാറുകാരൻ ലംഘിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.