ചൂർണിക്കര പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു: ഈ മാസം 64 കേസുകൾ
1431276
Monday, June 24, 2024 5:11 AM IST
ആലുവ: നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും ചൂർണിക്കര പഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. ഈ മാസം മാത്രം 64 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വിഭാഗവും ആശാവർക്കർമാരും ചൂർണിക്കര പഞ്ചായത്തിനെ അറിയിച്ചു. എന്നാൽ 44 പേർ മാത്രമേ പനി ലക്ഷണം ഡെങ്കിയാണെന്ന് വെളിപ്പെടുത്താൻ തയാറായിട്ടുള്ളൂവെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അറിയിച്ചു. ജില്ലയിലെ ഹോട് സ്പോട്ടായി ചൂർണിക്കര തുടരുകയാണ്.
ഡെങ്കിപ്പനി നിയന്ത്രിക്കാൻ ശക്തമായ നടപടികൾ എടുക്കാൻ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ എന്നിവരുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. മാലിന്യം വലിച്ചെറിയുക, വെള്ളക്കെട്ട് സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് 10000 രൂപവരെ പിഴ ഈടാക്കാനാണ് തീരുമാനം. ഫോഗിംഗ് നടത്തുവാനും കൊതുകുകൾ വളരുവാൻ സാഹചര്യങ്ങൾ ഒരുക്കുന്നവർക്കെതിരെ പിഴയ്ക്കുള്ള നോട്ടീസ് നൽകാനും തീരുമാനിച്ചു.
മണിപ്ലാന്റുകൾ ഒഴിവാക്കണം, ചിരട്ട, പാത്രങ്ങൾ തുടങ്ങിയവയിൽ വീടിന് പുറത്ത് കൊതുകുകൾ വളരുവാൻ അവസരം നൽകരുതെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു.
ധൂപ ചൂർണം വിതരണം
ആലുവ: ചൂർണിക്കര പഞ്ചായത്ത് കുന്നത്തേരി പ്രദേശത്ത് ഡെങ്കിപ്പനി വ്യാപകമായതിനെതുടർന്ന് കുന്നത്തേരിയിലെ 600ൽ പരം വീടുകളിൽ കൊതുകിനെ അകറ്റുന്നതിനുള്ള ഔഷധിയുടെ അപരാജിത ധൂപ ചൂർണം വിതരണം ചെയ്തു.
വാർഡംഗം കെ.കെ. ശിവാനന്ദന്റെ നേതൃത്വത്തിലാണ് ചൂർണം വിതരണം ചെയ്തത്. നൂറുകണക്കിന് ആളുകൾ ഇവിടെ ചികിത്സയിലാണ്. കൊതുക് നശീകരണത്തിന് ഫോഗിംഗും ബോധവത്കരണവും തുടരുന്നതായി വാർഡംഗം അറിയിച്ചു.