എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്: പഠിക്കാൻ ഐഐടി വെള്ളക്കെട്ട് ഒഴിവാക്കും
1430962
Sunday, June 23, 2024 5:07 AM IST
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം ഒരുങ്ങുന്നു. അടുത്ത മഴക്കാലത്തിന് മുമ്പ് തറനിരപ്പ് ഉയര്‍ത്തി പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
ബസ് സ്റ്റാന്‍ഡിലെ നിലവിലെ മറ്റ് പ്രശ്നങ്ങള്‍ താല്‍ക്കാലികമായി പരിഹരിക്കുന്നതിന് ഐഐടിയിലെ എന്‍ജിനീയര്‍മാരോട് പഠനം നടത്താന്‍ ആവശ്യപ്പെടുമെന്നും പ്രായോഗിക പ്രശ്നപരിഹാരത്തിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
പുതിയ സ്റ്റാന്‍ഡിന് എംഒയു ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ പകരം വൈറ്റിലയില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയിരിക്കുന്ന സ്ഥലം ചതുപ്പാണ്. അത് നികത്തി എടുക്കണമെങ്കില്‍ കോടികള്‍ ചെലവുവരും. ഈ സ്ഥലം മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എയും എംപിയും ഇത് പരിഹരിച്ച് നല്‍കണം. ചതുപ്പ് നിലത്തില്‍ പണിതാല്‍ നിലവില്‍ ഗാരേജിനടുത്തുള്ള കെട്ടിടം നിര്‍മിച്ച അവസ്ഥയാകും.
ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണിത് സംഭവിച്ചത്. ഇതില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ കെട്ടിടം പൊളിച്ചു നീക്കുന്നതിന് അനുമതി തേടുമെന്നും ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ വികസന സമിതി കമ്മീഷണര്‍ എം.എസ്. മാധവിക്കുട്ടി, കൊച്ചി കോര്പറേഷന് സെക്രട്ടറി വി. ചെല്‍സാസിനി, കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ആര്. റെനീഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം മന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വൃത്തിഹീനമായിക്കിടന്ന ബസ് സ്റ്റാന്‍ഡ് പരിസരം ശുചീകരിച്ചത്.
ശാശ്വത പരിഹാരത്തിന് വൻ ചെലവ്
ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ചെലവ് വലുതാണ്. പൊളിച്ചു പണിയാന്‍ ഫണ്ടില്ലാത്തതിനാല്‍ നിലവിലെ കെട്ടിടം നിലനിർത്തും.
താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ സ്റ്റാന്‍ഡിനു മുന്‍വശത്തെ തോട്ടില്‍നിന്ന് വെള്ളം കയറാതിരിക്കാന്‍ മൂന്ന് അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കും.
ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള വെള്ളം ഒഴുക്കി കളയുന്നതിന് റെയില്‍വേ ലൈനിന്റെ അടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് റെയില്‍വേയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. 4ആവശ്യമില്ലാത്ത എല്ലാ ശുചിമുറികളും അടിയന്തരമായി പൊളിച്ചുമാറ്റും.
പുതിയ ശുചിമുറികള്‍ നിര്‍മിച്ചു പരിപാലിക്കുന്നതിന് ഏജന്‍സികളെ കണ്ടെത്തും. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള തുക സിഎസ്ആര്‍ ഫണ്ട്, എന്‍ജിഒ ഫണ്ട് എന്നിവയിലൂടെ സമാഹരിക്കും.
സ്റ്റാന്‍ഡിന്റെ വൃത്തിഹീനമായ സാഹചര്യം പരിഹരിക്കുന്നതിന് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ നിയമിക്കും.
സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് ഹൗസ് കീപ്പിംഗ് വിംഗുകള്‍ ആരംഭിക്കും. പ്രശ്ന പരിഹാരത്തിന് പൊതുജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ വയ്ക്കാമെന്നും മന്ത്രി പറഞ്ഞു.