കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കാത്തുനിന്ന് ബുദ്ധുമുട്ടേണ്ട; ഇരിപ്പിടങ്ങൾ ഉടനെത്തും
1430942
Sunday, June 23, 2024 4:51 AM IST
129 സ്പോൺസർഷിപ്പ് കസേരകൾ
ആലുവ: ഉദ്ഘാടനം കഴിഞ്ഞ് നാലുമാസങ്ങൾ കഴിഞ്ഞിട്ടും ഇരിപ്പിടങ്ങൾ ഇല്ലാതെ യാത്രക്കാരെ കഷ്ടപ്പെടുത്തിയ ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഒടുവിൽ ഇരിപ്പിടങ്ങൾ എത്തുന്നു. ആലുവയിലെ അർജുന നാച്ചുറൽസ് ആൻഡ് ഹെർബൽസ് എന്ന സ്ഥാപനമാണ് 129 ഇരിപ്പിടങ്ങൾ തയാറാക്കി നൽക്കുന്നത്.
കൈവരികളോടുകൂടിയ മൂന്ന് സീറ്റു വീതമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ പെർഫൊറോറ്റഡ് ഷീറ്റും പൈപ്പും ഉപയോഗിച്ച് നിർമിക്കുന്ന 43 സെറ്റ് കസേരകളാണ് ലഭിക്കുന്നത്. കസേരകൾക്ക് 11 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഓഗസ്റ്റ് ആദ്യവാരം കസേരകൾ സ്ഥാപിക്കാനാകുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.
അഞ്ചര കൊല്ലംകൊണ്ട് 14.5 കോടി മുടക്കി രണ്ടുനിലയിൽ നിർമിച്ച ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇരിപ്പിടങ്ങൾ ഇല്ലാത്തത് ‘ദീപിക' പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി വകുപ്പ് ഇരിപ്പിടങ്ങൾ തയാറാക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ദീർഘദൂര യാത്രക്കാർ അടക്കം ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന ബസ് സ്റ്റാൻഡിൽ ഇരിപ്പിടം കിട്ടാൻ ഇനി 40 ദിവസംകൂടി കാത്തിരിക്കണം.
ഇതോടൊപ്പം 17 ടോയ്ലറ്റുകളും ബാത്ത് റൂമുകളും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ അവയൊന്നും പ്രവർത്തനക്ഷമമല്ല. പേ ആൻഡ് യൂസ് സമ്പ്രദായത്തിൽ ഒരു ഏജൻസിയെ ഏൽപ്പിക്കാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്. കേരളത്തിലെ മുഴുവൻ ബസ് സ്റ്റാൻഡുകൾ ഒരു ഏജൻസിയുടെ കീഴിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ആലുവ ഡിപ്പോ കെട്ടിടത്തിലെ രണ്ടു നിലകളിലായി എട്ട് വീതവും കെട്ടിടത്തിനു പുറത്തായി ഏഴ് ടോയ്ലറ്റുകൾ സ്ത്രീകൾക്കായും നാല് ടോയ്ലറ്റുകൾ പുരുഷന്മാർക്കായും പുതുതായി നിർമിച്ചിട്ടുണ്ട്. ഷവർ സൗകര്യത്തോടെ കൂടിയ ഓരോ ബാത്ത് റൂമുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കുമായും സ്റ്റാഫിനായി രണ്ടു ബാത്ത് റൂമുകളും ഇതിനോടനുബന്ധിധിച്ച് നിർമാണം പൂർത്തിയായിക്കിടക്കുകയാണ്.