ശമനമില്ലാതെ മഴ, ഒഴിയാതെ വെള്ളക്കെട്ട്
1425954
Thursday, May 30, 2024 5:12 AM IST
കൊച്ചി: തകര്‍ത്തു പെയ്ത മഴ വീണ്ടും ജില്ലയെ വെള്ളക്കെട്ടിലാക്കി. ഇന്നലെ ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ വൈകിട്ട് ആറു വരെ നീണ്ടു. നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും നിർത്താതെയുള്ള പെയ്ത്ത് കളമശേരി, പറവൂർ, കാക്കനാട് പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. പട്ടിമറ്റം കോട്ടമലയിൽ റോഡിന്റെ കോൺക്രീറ്റ് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു.
കഴിഞ്ഞദിവസം വെള്ളക്കെട്ടിലായ പ്രദേശങ്ങളില്‍ വീണ്ടും വെള്ളം പൊങ്ങി. കൊച്ചി ഇന്‍ഫോപാര്‍ക്കിലും കളമശേരി മൂലേപ്പാടത്ത് 200 ഓളം വീടുകളിലും ഇന്നലെയും വെള്ളം കയറി. ഫയര്‍ഫോഴ്സ് ബോട്ട് എത്തിച്ച് മൂലേപ്പാടത്തെ കുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കുന്നുംപുറം ആലപ്പാട് നഗറിലും വീടുകളില്‍ വെള്ളം കയറി.
കുടുംബങ്ങളെ ജെസിബിയുടെ സഹായത്തോടെയാണ് വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത്. ദേശീയപാതയിലും പ്രധാന റോഡുകളിലും വെള്ളം പൊങ്ങി ഏറെനേരം ഗതാഗതം നിശ്ചലമായി. അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ കുണ്ടന്നൂര്‍, ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളില്‍ റോഡില്‍ ഒന്നരടിയോളം വെള്ളം ഉയര്‍ന്നു.
വാഹനങ്ങള്‍ പലതും വെള്ളം കയറി റോഡില്‍ കുടുങ്ങി. ഇന്‍ഫോപാര്‍ക്ക് കാമ്പസിനുള്ളിലും പാര്‍ക്കിംഗ് ഏരിയയിലും വെള്ളം ഉയര്‍ന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ചിലത് ഒഴുകി നീങ്ങി.നഗരത്തിലും വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും വെള്ളത്തില്‍ മുങ്ങിയത് യാത്രക്കാരെ വലച്ചു. കലാഭവന്‍ റോഡ്, പുല്ലേപ്പടി-കതൃക്കടവ് റോഡ്, അരങ്ങത്ത് റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതുവഴിയുള്ള ഗതാഗതവും താറുമാറായി.
തഹസിൽദാര്‍മാർ കാര്യങ്ങള്‍ ഏകോപിപ്പിക്കണം
ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. എല്ലാ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ഏത് സാഹചര്യവും നേരിടാന്‍ 24 മണിക്കൂറും തയാറായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
എല്ലാ തഹസിൽദാര്‍മാരും അവരുടെ താലൂക്ക് പരിധിയില്‍ നിന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കണം. അനുവാദം ഇല്ലാതെ താലൂക്ക് വിട്ട് പോകരുതെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യുരിറ്റി എന്നിവരെ കളക്ടര്‍ ബന്ധപ്പെട്ടു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ എന്ത് സഹായത്തിനും തയാറാണെന്ന് അവര്‍ കളക്ടറെ അറിയിച്ചു. ഫയര്‍ഫോഴ്സും സജ്ജമാണ്.
ഇടവിട്ടുള്ള സമയങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. കാലാവസ്ഥ മോശമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കളക്ടര്‍ അറിയിച്ചു.
നാല് ക്യാമ്പുകള്‍
ജില്ലയില്‍ പറവൂര്‍, തൃക്കാക്കര നോര്‍ത്ത്, കാക്കനാട്, കളമശേരി എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. പറവൂര്‍ താലൂക്കില്‍ കണ്ണന്‍കുളങ്ങര ജിയുഎല്പി സ്കൂളിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ രണ്ടുപേര്‍ മാത്രമാണ് നിലവില്‍ ഇവിടെ ഉള്ളത്. വടക്കേക്കരയിലും ആവശ്യം ഉണ്ടെങ്കില്‍ ക്യാമ്പ് ആരംഭിക്കും.
കുന്നുകരയിലെ നാലു വീടുകളില്‍ ഉള്ളവരെ ആവശ്യമെങ്കില്‍ മാറ്റിതാമസിപ്പിക്കും. തൃക്കാക്കര നോര്‍ത്തില്‍ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. 16 പേരാണ് ഈ ക്യാമ്പിലുള്ളത്.
കാക്കനാട് എം.എ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ. എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 10 കുടുംബങ്ങളിലെ 25 പേരാണ് കഴിയുന്നത്.
കളമശേരി വിഎച്ച്എസ്എസിലെ ക്യാമ്പില്‍ 11 കുടുംബങ്ങളിലെ 28 പേര് കഴിയുന്നുണ്ട്. തമ്മനം ശാന്തിപുരം കോളനിയില്‍ നിന്ന് വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റും.