ഐടി നഗരം ഇന്നലെയും മുങ്ങി
1425775
Wednesday, May 29, 2024 4:35 AM IST
കാക്കനാട്: ഇന്നലെ പെയ്ത പെരുമഴ കാക്കനാട് ഇൻഫോപാർക്കിനെയും പരിസരങ്ങളെയും വെള്ളത്തിലാക്കി. ഒരാഴ്ചക്കിടയിൽ ഇൻഫോപാർക്ക് പരിസരത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ വെള്ളക്കെട്ടാണ് ഇന്നലത്തേത്. രാവിലെ തന്നെ ആരംഭിച്ച മഴ ഒന്‍പതോടെ പെരുമഴയായി. ജോലിക്കായി എത്തുന്നവർക്കും വാഹനങ്ങൾക്കും മുന്നോട്ടു നീങ്ങാൻ പോലുമാകാത്ത സ്ഥിതിയായിരുന്നു.
ഇന്‍ഫോപാര്‍ക്ക് തപസ്യ, വിസ്മയ, വേള്‍ഡ് ട്രേഡ് സെന്റര്‍, ലുലു സൈബര്‍ ടവര്‍ തുടങ്ങി ഓഫീസ് സമുച്ചയങ്ങൾക്കു ചുറ്റും വെള്ളം നിറഞ്ഞു. പാര്‍ക്കിംഗ് ഭാഗങ്ങളിലെ വാഹനങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. പലതും വെള്ളം കയറി തകരാറിലായി. റോഡിലൂടെ നിരങ്ങി നീങ്ങിയ വാഹനങ്ങള്‍ പലതും കാനയിൽ വീണു.
കാക്കനാട് വില്ലേജില്‍ കുസുമഗിരിയില്‍ സാമൂവല്‍ ജോര്‍ജിന്റെ കിണര്‍ ഉള്‍പ്പെടെ വീടിന്റെ മുന്‍വശം മണ്ണിടിഞ്ഞു താഴ്ന്നു. ആളപായമില്ല. വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കാക്കനാട് കീലേരിമലയില് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒന്‍പത് കുടുംബങ്ങളിലെ 20 പേരെ അബൂബക്കര്‍ സ്കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ ഇൻഫോപാർക്കിലെ ജീവനക്കാർ ഏറെയും ഇന്നലെ അവധിയെടുത്തു. പല കന്പനികൾക്കു ഇന്നലെ വർക്ക് ഫ്രം ഹോം ആയിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സമാനമായ രീതിയിൽ ഇൻഫോർക്കിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്.