കൊച്ചി സ്മാര്‍ട്ട് മിഷന് പദ്ധതികള്‍ക്കെതിരെ ആരോപണങ്ങളുമായി ജനപ്രതിനിധികള്‍
1425588
Tuesday, May 28, 2024 7:42 AM IST
കൊച്ചി: നഗരവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത സ്മാര്ട്ട്് മിഷന് പദ്ധതിയുടെ കൊച്ചിയിലെ നടത്തിപ്പില്‍ ഗുരുതര ആരോപണങ്ങളുമായി ജനപ്രതിനിധികള്‍. അശാസ്ത്രീയമായി പണം ചെലവഴിച്ച് കൊച്ചി നിവാസികളെ വഞ്ചിക്കുന്ന നലയില്‍ നഗര വികസനത്തെ അട്ടിമറിക്കുകയാണ് കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് (സിഎസ്എംഎല്‍) ചെയ്തുവരുന്നതെന്ന് കൊച്ചിയിലെ സിഎസ്എംഎല്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമാ തോമസ് എന്നിവര്‍ പറഞ്ഞു.
കൊച്ചി നഗരത്തിനായി അനുവദിച്ച തുക ഉപയോഗിച്ച് കെ സ്മാര്‍ട്ട് എന്ന സോഫ്റ്റ്വെയര് നിര്‍മിച്ച് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിതരണം ചെയ്ത് തങ്ങളുടെ ഭരണ നേട്ടമെന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന പിണറായി സര്‍ക്കാര്‍ കൊച്ചി നിവാസികളെ വഞ്ചിക്കുകയായിരുന്നുവെന്ന് ധർണ ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന് എംപി പറഞ്ഞു.
കുത്തഴിഞ്ഞ സംവിധാനമാണ് സിഎസ്എംഎല്ലെന്ന് ടി.ജെ. വിനോദ് എംഎല്‍എയും കുറ്റപ്പെടുത്തി. അശാസ്ത്രീയമായി നടത്തുന്ന പണം ചെലവാക്കല്‍ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് വികസനമെന്ന പേരില്‍ നടക്കുന്നത്. സിറ്റി ലെവല്‍ അഡ്വൈസറി ഫോറം തീരുമാനിക്കുന്ന പദ്ധതികളാണ് യഥാര്‍ഥത്തില്‍ നടത്തേണ്ടത്. എന്നാല്‍ ഇവിടെ തീരുമാനിക്കുന്ന പദ്ധതികള്‍ പലതും തിരുവനന്തപുരത്ത് നിന്നും അട്ടിമറിക്കപ്പെടുകയാണ്.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണത്തിന് 50 കോടി ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് 12 കോടി മാത്രമാണ്. എന്നാല്‍ ഇന്നു വരെ ഒരു കല്ലെടുത്തുവയ്ക്കാന്‍ പോലും സാധിച്ചിട്ടില്ല. അശാസ്ത്രീയമായ റോഡ് നിര്‍മാണം കാരണം നഗരം വെള്ളക്കെട്ടിലാണ്. കാനകളിലേക്ക് വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാത്ത രീതിയിലാണ് നടപ്പാത നിര്‍മാണം.
ഇത്തരത്തില്‍ ദീര്‍ഘവീക്ഷണം ഇല്ലാത്ത പ്രവൃത്തികള്‍ക്കായി 800 കോടി രൂപ ചെലവഴിച്ചു എന്നാണ് പറയുന്നത്. 57 കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ചു എന്ന് പറയുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ കൊണ്ട് ഒരു നേട്ടവും കൊച്ചിക്ക് ഉണ്ടായിട്ടില്ലെന്നും ടി.ജെ. വിനോദ് പറഞ്ഞു.
സ്ഥലം എംപിയോടോ എംഎല്‍എയോടോ കൂടിയാലോചിക്കാതെ മേയര്‍ ആവശ്യപ്പെടുന്ന പദ്ധതിക്ക് പണം നല്കുന്ന രീതിയാണെന്ന് ഉമ തോമസ് എംഎല്‍എയും കുറ്റപ്പെടുത്തി.
800 കോടി രൂപ കിട്ടിയിട്ട് നഗരത്തിന് ഉപയുക്തമാക്കാന്‍ പറ്റിയ രീതിയില്‍ ചെലവഴിക്കാന്‍ സാധിക്കാത്തത് സ്മാര്‍ട്ട് മിഷന്റെ പരാജയമാണെന്നും ഉമ പറഞ്ഞു.