സബ്സിഡിയില്ല; കെഎസ്ഇബി ബില്‍ തുകയും നഷ്ടപരിഹാരവും നല്‍കണം
1425583
Tuesday, May 28, 2024 7:42 AM IST
കൊച്ചി: വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീട്ടിലെ ബിപിഎല്‍ വൈദ്യുതി ഉപഭോക്താവിന് സൗജന്യ വൈദ്യുതി ആനുകൂല്യം നല്‍കാത്ത കെഎസ്ഇബിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉപഭോക്താവില്‍ നിന്നും കെഎസ്ഇബി ഈടാക്കിയ ബില്‍ തുകയും 30,000 രൂപ നഷ്ടപരിഹാരവും നല്കാന് കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്കി.
ഉപഭോക്താവിന് അവകാശപ്പെട്ട സൗജന്യ വൈദ്യുതി ആനുകൂല്യവും നല്‍കണമെന്നും ഉത്തരവിലുണ്ട്. എറണാകുളം പുത്തന്‍വേലിക്കര സ്വദേശി നിഷാദ് ശോഭനന് കെഎസ്ഇബി ചാലക്കുടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വൈദ്യുതി ഉപഭോക്താവായ തനിക്ക് പ്രതിമാസ വൈദ്യുതി ഉപഭോഗം 30 യൂണിറ്റില്‍ താഴെയാണെങ്കില്‍ സൗജന്യമായി വൈദ്യുതി നല്‍കണമെന്ന കെഎസ്ഇബിയുടെ ഉത്തരവ് എതിര്‍കക്ഷികള്‍ നടപ്പിലാക്കുന്നില്ല എന്ന് പരാതിപ്പെട്ടാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.
കെഎസ്ഇബി മാനദണ്ഡ പ്രകാരം സൗജന്യ വൈദ്യുതി ലഭിക്കാന്‍ പരാതിക്കാരന് അവകാശമുണ്ടെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബെഞ്ച് വിലയിരുത്തി.