മഴ ; കോർമല മണ്ണിടിച്ചിൽ ഭീതിയിൽ
1425321
Monday, May 27, 2024 6:55 AM IST
മൂവാറ്റുപുഴ : മഴ ശക്തമായതോടെ എംസി റോഡിനു സമീപമുള്ള നഗരത്തിലെ കോര്‍മല അടക്കം മണ്ണിടിച്ചില്‍ ഭീതിയില്‍. അടുത്ത ദിവസങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
എംസി റോഡിന് സമാന്തരമായി ഐടിആര്‍ ജംഗ്ഷന് മുതല്‍ എന്‍എസ്എസ് കവലവരെ ഒരു കിലോമീറ്ററോളം ദൂരത്തില്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്നതാണ് കോർമല. മഴ ശക്തമാകുന്നതോടെ ഇടയ്ക്കിടെ ചെറിയ തോതില്‍ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കോര്‍മലയിലെ മണ്ണിടിച്ചില്‍ മഴ കനക്കുന്നതോടെ രൂക്ഷമാകുമെന്നാണ് ഭീതി.
ചെറിയതോതില്‍ മണ്ണിടിയുന്ന മല സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പലവട്ടം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു റവന്യൂ, ജല അഥോറിട്ടി, ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികളായിട്ടില്ല.
കോര്‍മലയ്ക്ക് ഉടന്‍ സംരക്ഷണഭിത്തി നിര്‍മിക്കുമെന്നും മലമുകളില്‍ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും കണ്ടെത്തി നല്‍കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോഴും കോര്മലയില്ത്തന്നെ കഴിയുകയാണ്. നഗരത്തിലെ സത്രംകുന്ന് കഴിഞ്ഞ വര്‍ഷകാലത്താണ് ഇടിഞ്ഞ് തിരക്കേറിയ കാവുംപടി റോഡില്‍ പതിച്ചത്.
2015 ജൂലൈ അഞ്ചിന് കനത്തമഴയിലാണ് രാത്രിയില്‍ വെള്ളൂര്‍കുന്നത്തെ കോര്മലക്കുന്നിന്റെ ഇടിഞ്ഞ് എംസി റോഡില്‍ പതിച്ചത്. കുന്നിന്റെ ഒരുഭാഗം നൂറടിയിലേറെ ഉയരത്തില്‍ നിന്നിടിഞ്ഞ് എംസി റോഡിലേക്ക് പതിക്കുകയായിരുന്നു. ആള്‍ത്താമസമില്ലാത്ത ബഹുനില മന്ദിരമടക്കം അന്ന് മണ്ണിനടിയില്‍പ്പെട്ടു. ആളയപായമുണ്ടായില്ല. വിദഗ്ദ്ധസംഘത്തിന്റെ പരിശോധയില്‍ നിലവില്‍ മലയിൽ അപകടാവസ്ഥയില്ലെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍ ഭീതി ഒഴിയുന്നില്ല. കോര്‍മലയിൽ മൂന്ന് കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ജല അഥോറിറ്റിയുടെ കുടിവെള്ള ടാങ്കും ഐബിയുമടക്കം സ്ഥിതിചെയ്യുന്നത് മലയുടെ മുകളിലാണ്.