നിർധന വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
1424945
Sunday, May 26, 2024 3:57 AM IST
വാഴക്കുളം: നിർധനയായ വീട്ടമ്മ സുമനസുകളിൽ നിന്ന് ചികിത്സാ സഹായം തേടുന്നു. മഞ്ഞള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ പരേതനായ മേയ്ക്കൽ മനോജിന്റെ ഭാര്യ ഡിൻസി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായിട്ടാണ് സഹായം തേടുന്നത്. 40 ലക്ഷത്തോളം ചെലവു വരുന്ന ശസ്ത്രക്രിയക്ക് തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ഇതിനായി വാഴക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 20 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
12 വർഷങ്ങൾക്കു മുന്പ് റോഡ് അപകടത്തിൽ ഭർത്താവ് മരണപ്പെട്ട ശേഷം ഡിൻസി വാടക വീട്ടിലായിരുന്നു താമസം. സിഎംസി സിസ്റ്റേഴ്സ് സൗജന്യമായി നൽകിയ സ്ഥലത്ത് വാഴക്കുളം പിഒ ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ഇവർക്ക് വീട് നിർമിച്ചു നൽകുകയായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന ഏക മകനാണ് ഒപ്പമുള്ളത്.
വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് കുഴികണ്ണിയിൽ, കർമല ആശ്രമശ്രേഷ്ഠൻ ഫാ. തോമസ് മഞ്ഞക്കുന്നേൽ എന്നിവർ രക്ഷാധികാരികളായും വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ ചെയർമാനായും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ ജനറൽ കണ്വീനറായും 20 അംഗ കമ്മിറ്റി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 40 ലക്ഷം കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്.
പണം സ്വരൂപിക്കുന്നതിനായി വാഴക്കുളം ഫെഡറൽ ബാങ്ക് ശാഖയിൽ ഡിൻസി മനോജിന്റെയും ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ സിജു സെബാസ്റ്റ്യന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നന്പർ: 99980101833890. ഐഎഫ്എസ്സി: എഫ്ഡിആർഎൽ 0001430. ഫോണ്: 98476 63656.