ദേശീയപാതയിലെയും കാലടിയിലെയും കുരുക്ക് കണ്ടറിഞ്ഞ് ഗതാഗത മന്ത്രി
1424797
Saturday, May 25, 2024 5:11 AM IST
അങ്കമാലി/ കാലടി: ദേശീയപാതയിലെയും എംസി റോഡിൽ കാലടിയിലെയും രൂക്ഷമായ ഗതാഗതക്കുരുക്ക് കണ്ടറിയാൻ ഗതാഗത മന്ത്രിയെത്തി. ചാലക്കുടി മുതൽ കളമശേരി വരെയുള്ള ഭാഗത്തെ ഗതാഗത പ്രശ്നങ്ങളാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ പരിശോധിച്ചത്.
അങ്കമാലിയിൽ കരയാംപറമ്പ്, അങ്ങാടിക്കടവ് ജംഗ്ഷനുകളിലും മന്ത്രിയെത്തി. അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങള്‍ റോജി എം. ജോണ്‍ എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ദേശീയപാതയിൽ വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് തടസപ്പെടുത്താത്ത തരത്തില്‍ സിഗ്നല്‍ ലൈറ്റുകളുടെ സമയം ക്രമീകരിക്കും.
അങ്കമാലിയില്‍ നിന്നു തൃശൂര്‍ ഭാഗത്തേക്കു പോകാനായി കരയാംപറമ്പ് ജംഗ്ഷനിലെത്തുന്ന വാഹനങ്ങള്‍ സിഗ്നലില്‍ തങ്ങാതെ നേരെ തന്നെ കടന്നുപോകുന്നതിനായി പ്രത്യേക ട്രാക്ക് സജ്ജീകരിക്കുന്ന കാര്യം ആലോചിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇവിടെ ബാരിക്കേഡ് വച്ച് തിരിച്ചു ട്രാക്ക് രൂപപ്പെടുത്താനാണ് നിർദേശം.
എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തിയും തികയാത്തത് കെഎസ്ആര്‍ടിസി നല്‍കിയും അങ്കമാലി സ്റ്റാന്‍ഡിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
കാലടിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ടൗണിലും മറ്റൂരിലും മന്ത്രി സന്ദർശനം നടത്തി. തുടർന്ന് അവലോകന യോഗത്തിലും പങ്കെടുത്തു.
മറ്റൂർ മുതൽ കാലടി വരെ വൺവേ ഏർപ്പെടുത്തും. ഇതിനായി മീഡിയൻ സ്ഥാപിക്കും. സിയാലിന്റെ സഹായത്തോടെ മറ്റൂർ ജംഗ്ഷനിൽ റൗണ്ട് എബൗട്ട് ഉടൻ സ്ഥാപിക്കും. ടൗണിലെ സിഗ്നൽ സംവിധാനത്തിന്റെ പോരായ്മകൾ പരിഹരിക്കും.
കാലടി പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ കുഴികൾ നികത്തും. യൂണിവേഴ്സിറ്റി റോഡുവഴിയുള്ള വൺവേ കർശനമാക്കും. ടൗണിൽ അനധികൃത പാർക്കിംഗിനു പിഴ ചുമത്തും. യോഗത്തിൽ എംഎൽഎമാരായ റോജി എം.ജോൺ, അൻവർ സാദത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജൻ തോട്ടപ്പിള്ളി, വിജി ബിജു തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ആര്‍ടിസി ബസുകള്‍ സമയം പാലിച്ചില്ലെങ്കിൽ നടപടി: മന്ത്രി
അങ്കമാലി: കെഎസ്ആര്‍ടിസി ബസുകള്‍ സമയക്രമം പാലിച്ചില്ലെങ്കിൽ ഉത്തരവാദികളുടെ പേരിൽ നടപടിയെടുക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര്. ഇതു സംബന്ധിച്ചു കര്‍ശനനിര്‍ദേശം സിഎംഡിയ്ക്കു നല്‍കിയിട്ടുണ്ട്.
വണ്ടിയുണ്ടായിട്ടും യാത്രക്കാര്‍ ഉണ്ടായിട്ടും കൃത്യസമയത്ത് സർവീസ് നടത്താതിരിക്കുന്നത് അംഗീകരിക്കാനാവില്ല. കേടായ കുറച്ചു വാഹനങ്ങളുടെയൊക്കെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ബസുകള്‍ കൂടി എത്തിയാല്‍ സമയപ്രശ്നം പരിഹരിക്കാനാകും. സ്റ്റാന്‍ഡുകളില്‍ വന്നു പോകുന്ന ബസുകള്‍ നോക്കാന്‍ തല്ക്കാലം ആളെ നിയോഗിക്കും.
ആറു മാസം കഴിയുമ്പോള്‍ കംപ്യൂട്ടറൈസേഷന് വരുമ്പോള്‍ ഓരോ ബസും എവിടെയാണെന്നു തിരുവനന്തപുരത്ത് സിഎംഡിക്ക് അറിയാന്‍ സാധിക്കും.
ഓരോ സ്റ്റാന്‍ഡിലും ബസ് കയറുമ്പോള്‍ സമയം രേഖപ്പെടുത്തും. ട്രാഫിക് ലംഘനം ശ്രദ്ധയിൽപ്പെട്ടാല്‍ അറിയിക്കുന്നതിനുള്ള മൊബൈല്‍ ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.