അപകടക്കെണിയൊരുക്കി സ്ലാബ് തകർന്ന കാനകൾ
1424198
Wednesday, May 22, 2024 5:10 AM IST
കോതമംഗലം: ദേശീയപാത കടന്നു പോകുന്ന കോതമംഗലം ടൗണിൽ കോഴിപ്പിള്ളി കവലയിലും സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിനു സമീപവും സ്ലാബ് തകർന്ന ഓടകൾ കാൽനട യാത്രികരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വയോധികരുൾപ്പെടെയുള്ളവർ അപകടങ്ങളിൽപ്പെടുന്നത് പതിവാണ്. സ്ലാബ് തകർന്നിട്ട് നാളുകളായിട്ടും പുതിയത് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
മഴ കനക്കുന്നതോടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ഇവിടെ കുന്നുകൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. സ്കൂൾ തുറക്കുന്നതോടെ ഇതുവഴി നൂറുകണക്കിന് വിദ്യാർഥികളാണ് നടന്നു പോകുന്നത്.
മഴ ശക്തി പ്രാപിക്കുന്നതിനും സ്കൂൾ തുറക്കുന്നതിനും മുന്പേ ടൗണിലെ ഓടകൾ ശുചീകരിക്കുകയും തകർന്ന സ്ലാബുകൾ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.