റോഡിൽ വീണ മിറ്റൽ കോരി മാറ്റി
1423949
Tuesday, May 21, 2024 6:53 AM IST
ഇലഞ്ഞി: ടോറസ് ലോറിയിൽ നിന്നും റോഡിൽ വീണ മിറ്റൽ കോരി മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കൂത്താട്ടുകുളത്തുനിന്ന് പെരുവ ഭാഗത്തേക്ക് പോയ ടോറസ് ലോറിയിൽ നിന്നുമാണ് മിറ്റൽ റോഡിൽ വീണത്. കാലാനിമറ്റം ഭാഗം മുതൽ പഞ്ചായത്ത് കവല വരെ റോഡിൽ മിറ്റൽ വീണ നിലയിലായിരുന്നു. ലോറിയുടെ പിൻവശത്തെ ഡോർ തുറന്നു പോയതിനെ തുടർന്നാണ് മിറ്റൽ റോഡിൽ വീണത്. ഇതറിയാതെ ഡ്രൈവർ വാഹനം ഓടിച്ച് പോവുകയായിരുന്നു.
പ്രദേശവാസികൾ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് ഇലഞ്ഞി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ടോറസ് ലോറി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ് തടഞ്ഞിട്ടു. ഇതിനിടെ റോഡിൽ വീണ മിറ്റിലിൽ കയറി ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അഗ്നിരക്ഷാ നിലയത്തിന്റെ വിളിച്ച് സഹായം തേടി. തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ റോഡ് പൂർണമായി കഴുകി അപകട സാഹചര്യം ഒഴിവാക്കുകയായിരുന്നു.