പോക്സോ കേസ് പ്രതിക്ക് 32 വർഷം തടവും 1.80 ലക്ഷം പിഴയും
1417132
Thursday, April 18, 2024 4:52 AM IST
അരൂർ: പോക്സോ കേസിൽ പ്രതിക്ക് 32 വർഷം തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ എഴുപുന്ന കാട്ടേഴത്ത് കോളനിയിൽ ജ്യോതിഷിനെ(25)യാണ് വിവിധ വകുപ്പുകളിലായി ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ശിക്ഷ 20 വർഷം അനുഭവിച്ചാൽ മതി. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
15 വയസുള്ള പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി ചേർത്തല തങ്കിക്കവലയ്ക്കടുത്ത് പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പെൺകുട്ടിയെ എത്തിച്ച് ബലമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. നിരോധനാജ്ഞയുള്ള പ്രതി മറ്റൊരു പോക്സോ കേസിലും വധശ്രമ കേസിലും പ്രതിയാണ്.
അരൂർ പോലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം എസ്ഐമാരായിരുന്ന കെ.എൻ. മനോജ്. ആർ.എൽ. മഹേഷ്, സൈബർ സെൽ എസ്ഐ അജിത് കുമാർ, ചേർത്തല ഡിവൈ എസ്പിയായിരുന്ന എ.ജി. ലാൽ എന്നിവരാണ് നടത്തിയത്. സിപിഒമാരായ സബിത, പ്രീത, ബിനു, അനിൽ ,അനൂപ് ആന്റണി, സുധീഷ് ചന്ദ്ര ബോസ് എന്നിവരും അന്വേഷണത്തിന്റെ ഭാഗമായി.