ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിൽ കുത്തഴിഞ്ഞ് ജങ്കാർ സർവീസ്
1417131
Thursday, April 18, 2024 4:52 AM IST
വൈപ്പിൻ: കഴിഞ്ഞ 10 ദിവസമായി ക്ലച്ച് തകരാറിനെതുടർന്ന് ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിലെ രണ്ട് ജങ്കാറുകളിലൊന്ന് കടവിൽ കെട്ടിയതോടെ ജങ്കാർ സർവീസ് കുത്തഴിഞ്ഞു. ഉത്തരവാദിത്തപ്പെട്ടവർ ബദൽ സംവിധാനം ഏർപ്പെടുത്താതെ വന്നതോടെ ജനം യാത്രാ ദുരിതത്തിൽ വലയുകയാണ്. കോർപ്പറേഷന് രണ്ട് റോ റോയും ഒരു ബോട്ടും സ്വന്തമായുള്ള അവസ്ഥയിലാണ് ജനം ഈ ദുരിതം പേറുന്നത്.
ഈ സാഹചര്യത്തിൽ സർവീസ് കുത്തഴിഞ്ഞതിന്റെ ഉത്തരവാദിത്തം കോർപ്പറേഷൻ മേയർക്കും പ്രതിപക്ഷ നേതാവിനുമാണെന്ന ആരോപണമുയർത്തി ഇരുവരുടെയും രാജി ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.
2018ൽ റോ റോ സർവീസ് ആരംഭിച്ചപ്പോൾ കമ്പനി രൂപീകരിച്ച് നേരിട്ട് സർവീസ് നടത്തുമെന്നായിരുന്നു കോർപ്പറേഷന്റെ പ്രഖ്യാപനം. അതുവരെ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഎൻസിയെ താത്കാലികമായിട്ടാണ് സർവീസ് ഏൽപ്പിച്ചത്. എന്നാൽ കമ്പനി രൂപീകരിക്കുവാൻ കേരള സർക്കാർ അനുവാദം നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മറ്റു നടപടികൾ ഒന്നും കോർപ്പറേഷൻ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസീസ് ചമ്മിണി ആരോപിച്ചു.
ഇതിനിടെ മൂന്നാമത് റോ റോ നിർമിക്കുന്നതിനായി 10 കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ചെങ്കിലും അത് നേടിയെടുക്കാനും കോർപ്പറേഷൻ നടപടിയെടുത്തില്ല. അവസാനം ആ തുക ജലഗതാഗത വകുപ്പ് കൈക്കലാക്കി. ഇതിനു ശേഷം 2023 - 2024 സാമ്പത്തിക വർഷത്തിൽ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് മൂന്നാമത്തെ റോ റോയ്ക്കായി മറ്റൊരു 15കോടി കോർപ്പറേഷന് അനുവദിച്ചു.
എന്നാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് നടപടികൾ പൂർത്തീകരിക്കാൻ കോർപ്പറേഷൻ തയാറായില്ല. ഇതോടെ മൂന്നാം റോ റോയുടെ നിർമാണം അനിശ്ചിതത്വത്തിലായിരിക്കയാണെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.