തർക്കത്തിനിടെ വയോധികന് കുത്തേറ്റു
1416901
Wednesday, April 17, 2024 4:29 AM IST
പറവൂർ: ഒരുമിച്ചു താമസിച്ചിരുന്നവർ തമ്മിലുണ്ടായ തർക്കത്തിൽ വയോധികന് കുത്തേറ്റു. കുത്തേറ്റ എടവനക്കാട് അമ്മഞ്ചേരി തിലകനെ (73)താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തിലകനെ ആക്രമിച്ച നന്തികുളങ്ങര മങ്കുഴി ബിജുവിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ന് സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിൽ തിലകൻ വാടകയ്ക്കെടുത്ത വീട്ടിലാണു സംഭവം നടന്നത്. വീട്ടുകാരുമായി അകന്ന തിലകനും ബിജുവും രണ്ട് വർഷമായി ഇവിടെ താമസിക്കുകയായിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് തിലകന്റെ ഒരു സുഹൃത്തിനെ ബിജു മർദിച്ചതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബിജുവിനോടു വീട്ടിൽ നിന്നു മാറണമെന്നു തിലകൻ ആവശ്യപ്പെട്ടു.
തുടർന്നു ബിജു മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു തിലകന്റെ കഴുത്തിൽ ആഴത്തിൽ മുറിവേല്പിച്ചതായി പോലീസ് പറഞ്ഞു. ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ മറ്റൊരു വധശ്രമക്കേസിലും പ്രതിയാണ് ബിജു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.