സിഎംആര്‍എലിന്റെ ഹര്‍ജിയില്‍ ഇഡിയുടെ വിശദീകരണം തേടി ഹൈക്കോടതി
1416890
Wednesday, April 17, 2024 4:17 AM IST
കൊച്ചി: മാസപ്പടി കേസിൽ ഇഡിയുടെ സമന്‍സിനെതിരേ സിഎംആര്‍എലും എംഡി ശശിധരന് കര്ത്തയുമടക്കം നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിയുടെ വിശദീകരണം തേടി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. ഇഡിയുടെ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാക്കണമെന്നാണ് ശശിധരന് കര്‍ത്തയുടെ ആവശ്യം.
ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശശിധരന് കര്‍ത്ത ആവശ്യമുന്നയിച്ചത്. ചോദ്യം ചെയ്യലിനിടെ മാനസികമായി പിഡിപ്പിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരുടെ ഹര്‍ജി. വനിതാ ഉദ്യോഗസ്ഥയെ അടക്കം 24 മണിക്കൂര്‍ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചെന്നും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
ഒരു രാത്രി മുഴുവന്‍ ഇഡി ഓഫീസില്‍ തങ്ങേണ്ടിവന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ശശിധരന് കര്‍ത്തയെ കൂടാതെ സിഎംആര്‍എല്‍ കമ്പനിയും സീനയിര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റെയ്ച്ചല്‍ കുരുവിള, ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
കമ്പനിയുടെ ഇ-മെയില്‍ പാസ്വേഡുകള് ഉള്‍പ്പെടെ ഇഡി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10.30ന് ഹാജരായ ഉദ്യോഗസ്ഥരെ ചൊവ്വാഴ് ഉച്ചകഴിഞ്ഞാണ് വിട്ടയച്ചത്. കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന ഹൈക്കോടതിയുടെ നിര്‍ദേശം ഇഡി ലംഘിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ചോദ്യംചെയ്ത ശേഷം വിട്ടയച്ചില്ലേയെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു.
അതേസമയം, അറസ്റ്റുണ്ടാകില്ലെന്ന് മാത്രമാണ് ഉറപ്പ് നല്‍കിയതെന്നും ചോദ്യംചെയ്യല്‍ തുടരുമെന്നും സമയപരിധി നിശ്ചയിക്കാനാകില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തത് ഇഡി ഡയറക്ടറേറ്റിലെ വനിത ഉദ്യോഗസ്ഥയാണ്. ചോദ്യംചെയ്യല്‍ ഒരുദിവസം നീണ്ടെങ്കിലും എല്ലാ സൗകര്യങ്ങളും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.
കോടതി നിര്‍ദേശപ്രകാരം അന്വേഷണത്തോട് സഹകരിക്കാതിരുന്നത് ഉത്തരവിന്റെ ലംഘനമാണ്. ഇതുസംബന്ധിച്ച പ്രധാന കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. അതിനാല്‍ ഈ ഹര്‍ജിക്ക് അടിയന്തര പ്രാധാന്യമില്ലെന്നും ഇഡി വാദിച്ചു.
ഫോണ്‍ കോള്‍ റിക്കാര്‍ഡുകളും സിസിടിവി ദൃശ്യങ്ങളുമടക്കം ചില രേഖകളും ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയാണ് ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് കോടതി മാറ്റിയത്.