വടത്തിൽ കുരുങ്ങി യുവാവിന്റെ മരണം മനോജ് മദ്യപിച്ചിട്ടില്ല: സഹോദരി
1416659
Tuesday, April 16, 2024 5:54 AM IST
കൊച്ചി: മനോജ് മദ്യപിച്ചിരുന്നുവെന്ന പോലീസിന്റെ ആരോപണം തെറ്റാണെന്ന് സഹോദരി ചിപ്പി. തന്റെ സഹോദരന് മദ്യപിച്ചിരുന്നില്ലെന്നും മദ്യപിച്ചാല്‍ വാഹനം എടുക്കാറില്ലെന്നും ചിപ്പി പറഞ്ഞു. ഡോക്ടര്‍ അടക്കം പറഞ്ഞത് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നാണ്.
റോഡില്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. റോഡിനു കുറുകെ കെട്ടിയ വടം കാണുന്ന രീതിയില്‍ റിബണോ ബാരിക്കേഡോ പോലീസ് വച്ചിരുന്നില്ല. മന്ത്രിമാര്ക്കൊരുക്കുന്ന സുരക്ഷ സാധാരണക്കാരായ ജനങ്ങളുടെ കാര്യത്തിലും പോലീസ് ഒരുക്കണമെന്നും അതു കാണിച്ചിരുന്നെങ്കില്‍ തന്റെ സഹോദരന്റെ ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
വീഴ്ചയുണ്ടായില്ലെന്ന് കമ്മീഷണര്‍
കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് വീഴ്ച വന്നിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍. കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍പ്പെട്ടത്.
വടം കെട്ടിയ സ്ഥലത്തിന് ആറ് മീറ്റര്‍ മുന്‍പ് മൂന്നു പോലീസുകാരെ നിര്‍ത്തിയിരുന്നു. അവര്‍ നല്കിയ അപകട മുന്നറിയിപ്പ് അവഗണിച്ച് മനോജ് അമിതവേഗതയില്‍ നിർത്താതെ പോയി. വടം വ്യക്തമായി കാണാവുന്ന രീതിയിലാണ് കെട്ടിയിരുന്നത്. വെളിച്ചക്കുറവുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
യുവാവിന് മോട്ടോര്‍ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. ആര്‍ടി ഓഫീസില്‍ ലഭിച്ച രേഖകള്‍ പ്രകാരം 2021ല്‍ ലേണേഴ്സ് ലൈസന്‍സ് എടുത്തിരുന്നു. പിന്നീട് ഇത് പുതുക്കുകയോ ടെസ്റ്റ് പാസായി ലൈസന്‍സ് എടുക്കുകയോ ഉണ്ടായില്ല. ലൈസന്‍സ് ഇല്ലാത്തതിനാലാണ് പോലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ മുന്നോട്ട് പോയതെന്നും കമ്മീഷണര്‍ പറഞ്ഞു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മനോജിന്റെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അമിതവേഗതയിലാണോ സഞ്ചരിച്ചിരുന്നതെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: മുഹമ്മദ് ഷിയാസ്
കൊച്ചി: പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ റോഡിനു നടുക്ക് പോലീസ് കെട്ടിയ കയറില്‍ കുരുങ്ങി യുവാവിന്റെ ജീവന് നഷ്ടപ്പെടാനിടയായത് പോലീസിന്റെ അനാസ്ഥയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. യുവാവ് അമിതവേഗതയിലാണെന്ന് വരുത്തി വീഴ്ച മറയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം.
മനഃപൂര്‍വമുള്ള നരഹത്യയാണ് പോലീസ് നടത്തിയത്. സര്‍ക്കാരിനും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മനോജിന്റെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ചാൽ ശക്തമായ ബഹുജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ഷിയാസ് പറഞ്ഞു.
ടി.ജെ. വിനോദ് പ്രധാനമന്ത്രിക്ക് കത്തയച്ചു
കൊച്ചി: വിവിഐപി സുരക്ഷയുടെ ഭാഗമായി വളഞ്ഞമ്പലത്ത് പോലീസ് വലിച്ചുകെട്ടിയ വടത്തില്‍ കഴുത്ത് കുരുങ്ങി യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ടി.ജെ. വിനോദ് എംഎല്‍എ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.
പൊതുജനത്തിന്റെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കും വിധം നിരുത്തരവാദപരമായി കാര്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. നിര്‍ധനരായ യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും അടിയന്തര നഷ്ടപരിഹാരമായി അനുവദിക്കണമെന്നും ടി.ജെ. വിനോദ് ആവശ്യപ്പെട്ടു.