വിഷുദിനത്തിൽ പെരിയാറിൽ അയാന്റെ നീന്തൽ പ്രകടനം
1416649
Tuesday, April 16, 2024 5:40 AM IST
ആലുവ: പെരിയാറിലെ ഓളപ്പരപ്പിൽ വിഷുദിനത്തിൽ അഞ്ചു വയസുകാരന്റെ നീന്തൽ പ്രകടനം. ആലുവ കീഴ്മാട് സ്വദേശീയായ നിയാസ് നാസറിന്റെയും വി.എ. ജുനിതയുടേയും മകനായ അയാൻ അഹമ്മദാണ് 50 മിനിറ്റുകൊണ്ട് പെരിയാർ നീന്തി കുറുകെ കടന്നത്.
പത്തോളം ഭിന്നശേഷിക്കാരെയടക്കം രണ്ടായിരത്തോളം പേരെ പെരിയാറിന് കുറുകെ നീന്തിച്ച് പ്രശസ്തനായ നീന്തൽ പരിശീലകൻ സജി വളാശേരിയുടെ ശിക്ഷണത്തിലാണ് അയാനും 780 മീറ്റർ നീന്തി കടന്നത്. രാവിലെ ഒൻപതിന് നടന്ന ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. മറുകരയിൽ പുഷ്പഹാരങ്ങളോടെ എല്ലാവരും ചേർന്ന് സ്വീകരിച്ചു.
എല്ലാ വർഷവും നവംബർ ഒന്നിന് ആരംഭിച്ച് മേയ് 31ന് അവസാനിക്കുന്ന രീതിയിലാണ് സൗജന്യ നീന്തൽ പരിശീലനം. മഴക്കാലത്ത് പരിശീലനം ഒഴിവാക്കിയിട്ടുണ്ട്. 15 വർഷംകൊണ്ട് 9500 ഓളം പേരെ ഇവിടെ നീന്തൽ പരിശീലിപ്പിച്ചു കഴിഞ്ഞു.