പൈനാപ്പിൾ വില റിക്കാർഡിലേയ്ക്ക്
1416306
Sunday, April 14, 2024 4:41 AM IST
ദക്ഷിണേന്ത്യയിലേയ്ക്ക് കയറ്റിവിടുന്നത് നൂറു ലോഡ്
മൂവാറ്റുപുഴ: വിപണിയിൽ താരമായി പൈനാപ്പിൾ വില റിക്കാഡിലേയ്ക്ക്. പൈനാപ്പിൾ കിലോയ്ക്ക് 60 രൂപ വരെയെത്തി. പൈനാപ്പിൾ പച്ചയ്ക്ക് 56 രൂപയും സ്പെഷൽ ഗ്രേഡ് പച്ചയ്ക്ക് 58 രൂപയുമാണ് ഇന്നലെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ വില.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുശേഷം ഏറ്റവും ഉയർന്ന വിലയാണ് ഇന്നലെ വാഴക്കുളം പൈനാപ്പിൾ മൊത്തവിപണിയിൽ ലഭിച്ചത്. കേരള വിപണിയിൽ ആവശ്യം കൂടിയതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി കയറ്റിവിടുന്നതും വില കൂടാനിടയാക്കി.
വേനൽചൂടു കൂടിയതും മഴ പെയ്യാത്തതും കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസമെടുക്കുന്നു. അതിനാൽ പൈനാപ്പിൾ വിപണിയിലെത്തുന്നത് കുറയാനിടയാക്കി. വേനൽ കടുത്തതോടെ പഴങ്ങളുടെ ഉപയോഗം കൂടിയത് പൈനാപ്പിളിനെ താരമാക്കിമാറ്റി. വിഷു എത്തിയത് വില ഉയരാൻ മറ്റൊരു കാരണമായി.
മഹാരാഷ്ട്ര, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിൽ പൈനാപ്പിളിന് വൻ ഡിമാന്റാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരം ടണ്ണിൽ അധികം പൈനാപ്പിൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറി വിട്ടു.
ദിവസം നൂറു ലോഡ് പൈനാപ്പിൾ വീതം ഇതര സംസ്ഥാനങ്ങളിലേക്ക് വാഴക്കുളത്തു നിന്ന് കയറ്റിവിടാൻ തുടങ്ങിയതോടെ കേരളത്തിൽ വില്പനക്കായി നൽകുന്നതിൽ കുറവ് വന്നു. ഇതോടെ ചില്ലറ വില്പന വില 70 രൂപ മുതൽ 80 രൂപ വരെ എത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ, കാലാവസ്ഥാ വ്യതിയാനവും സാന്പത്തിക പ്രതിസന്ധികളുംമൂലം കിലോഗ്രാമിന് 25 രൂപ വരെയായി വില കുറഞ്ഞിരുന്നു. പൈനാപ്പിൾ എടുക്കാൻപോലും ആളില്ലാതായി.
നിരവധി ഏക്കർ സ്ഥലത്തെ പൈനാപ്പിൾ വെട്ടിയെടുക്കാൻ ആളില്ലാതെ പഴുത്ത് ചീഞ്ഞ് നശിച്ചു. അനുകൂല സാഹചര്യത്തിൽ ഇക്കുറി വിലകുതിച്ചു കയറുകയാണ്. നാലു വർഷത്തിനിടെ പൈനാപ്പിളിനു ലഭിക്കുന്ന മികച്ച വിലയാണിത്. കാലാവസ്ഥാ വ്യതിയാനം മൂലം വില തകർച്ച നേരിട്ട കർഷകർ ആശ്വാസത്തിലും സന്തോഷത്തിലുമാണ്.