70,000 രൂപ പിഴയടച്ചു; പൂട്ടിയ ഹോട്ടലിന് പ്രവർത്തനാനുമതി
1416304
Sunday, April 14, 2024 4:41 AM IST
ആലുവ: പഴകിയ കോഴി ഇറച്ചി വിതരണം ചെയ്യുന്നെന്ന പരാതിയിൽ ഭക്ഷ്യവകുപ്പ് അടച്ചു പൂട്ടിയ ഹോട്ടലിന് പ്രവർത്തനാനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം പിഴയായി 70,000 രൂപ അടച്ചതോടെ വീണ്ടും പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകിയതെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർ എ. അനീഷ അറിയിച്ചു.
വ്യക്തി വൈരാഗ്യം തീർക്കാനാണ് ഹോട്ടൽ അടപ്പിച്ചതെന്ന ആരോപണങ്ങൾക്കും ഓഫീസർ മറുപടി നൽകി. ‘ദീപിക' പത്ര കട്ടിംഗിന് താഴെ കമന്റ് പോസ്റ്റ് ചെയ്താണ് അനീഷ പ്രതികരിച്ചത്. ഗുണ്ടകളുടെ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് നടപടി വന്നതെന്നായിരുന്നു ആരോപണം. വൃത്തിഹീനമായ അടുക്കളയും സ്റ്റോർ റൂമും നേരിട്ടു കണ്ട പ്രകാരമാണ് നടപടി എടുത്തത്.
പഴകിയ അൽഫാം ചിക്കൻ ചൂടാക്കി നൽകുന്നതായും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന പച്ചമുട്ട ഉപയോഗിച്ച് മയോണൈസ് നിർമിക്കുന്നതായും കണ്ടെത്തിയിരുന്നു.
ഇവ ചൂണ്ടിക്കാട്ടി നൽകിയ നോട്ടീസിനെ അംഗീകരിച്ച് ഹോട്ടൽ പിഴ അടച്ചെന്ന വിവരവും അവർ തന്നെ കമന്റ് ബോക്സിൽ വെളിപ്പെടുത്തുകയായിരുന്നു. ഹോട്ടലുകളെക്കുറിച്ച് ഇനിയും പരാതികൾ ലഭിക്കുന്നുണ്ടെന്നും ഉടനെ റെയ്ഡ് നടക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി.’