ചെറായിയിൽ പടക്കവിപണി ഉണർന്നു
1416150
Saturday, April 13, 2024 4:08 AM IST
വൈപ്പിൻ: ജില്ലയിലെ അറിയപ്പെടുന്ന പടക്ക വ്യാപാര മേഖലയായ ചെറായിയിൽ വിലക്കുറവിന്റെ വിഷുപ്പടക്ക വിപണി ഉണർന്നു. ഇനി വിഷു ദിനം വരെ നാടിന്റെ നാനാഭാഗങ്ങളിലുമുള്ളവർ പടക്കങ്ങൾ വാങ്ങാൻ ചെറായിയിലേക്ക് ഒഴുകിയെത്തും.
പരമ്പരാഗത വിഭവങ്ങളായ കമ്പിത്തിരി, ചക്രം, മത്താപ്പു, മേശപ്പൂ ഐറ്റങ്ങളെ കൂടാതെ ചൈനീസ് മോഡൽ ഫാൻസി ഐറ്റംസുകളായ ഡ്രോൺ, ഹെലികോപ്റ്റർ, ബട്ടർ ഫ്ലൈസ്, റിവോൾവിംഗ് കമ്പിത്തിരി, കേസിവീൽ, ക്രാന്തി തുടങ്ങിയ വിശേഷ ഐറ്റങ്ങളും ഇക്കുറി വിഷു വിപണിയിലുണ്ട്. കൂടാതെ വീട് ഒരു പൂരപ്പറമ്പ് ആക്കിമാറ്റാൻ വരെ പോന്ന അപകട രഹിതമായ ചൈനീസ് മോഡൽ സ്കൈ ഷോട്ടുകളുടെ ശേഖരം വേറെയുമുണ്ട്.
ഗുണനിലവാരമുള്ള പടക്കങ്ങൾ ഫാക്ടറിയിൽ നിന്നും ഫാക്ടറി വിലക്ക് എന്നതാണ് ചെറായിലെ പടക്ക വ്യാപാരികളുടെ മുദ്രാവാക്യം. വ്യാപാരികൾ തമ്മിലുള്ള കിടമത്സരമാണ് ചെറായിലെ പടക്ക വിപണി വിലക്കുറവിന്റെ വിപണിയായി മാറിയതെന്ന് പടക്കനിർമാണ വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ ചന്ദ്രാ ഫയർ വർക്സിന്റെ മാനേജിംഗ് പാർട്ണർ ഒ.സി. സൈജു പറയുന്നു.