ടാറിംഗിൽ വിള്ളൽ; ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണി
1415715
Thursday, April 11, 2024 4:32 AM IST
വാഴക്കുളം: സംസ്ഥാന പാതയിലെ ടാറിംഗിൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെടുന്നു. വേങ്ങച്ചുവട്, വാഴക്കുളം, ആവോലി പ്രദേശങ്ങളിൽ പല ഭാഗങ്ങളിലാണ് നിലവിൽ ടാറിംഗിൽ വിള്ളൽ കണ്ടത്. ദിനംപ്രതി ടാറിംഗ് അകന്നു മാറി വിള്ളൽ വലുതാകുന്നുമുണ്ട്. ചൂടുകൂടുന്ന സാഹചര്യത്തിൽ വളരെ വേഗത്തിലാണ് വിള്ളലുകൾ വലുതാകുന്നത്. പലയിടങ്ങളിലും ടാറിംഗ് അകന്നു മാറി കുഴികൾ ഉണ്ടായിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരപാതയിലാണ് വിള്ളൽ കാണുന്നത്. ഇത് സ്കൂട്ടർ യാത്രികർക്ക് കടുത്ത അപകട ഭീഷണി ഉയർത്തുകയാണ്. ബിഎംബിസി നിലവാരത്തിൽ സമനിരപ്പിലുള്ള റോഡിൽ പലയിടങ്ങളിലുള്ള ഇത്തരം വിള്ളലുകൾ അകലെനിന്നു വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് എളുപ്പത്തിൽ ദൃശ്യമാവില്ലെന്നതും അപകട സാധ്യത വർധിപ്പിക്കുകയാണ്.
വാഴക്കുളം ടൗണിൽ പടിഞ്ഞാറേ ഭാഗത്ത് സെന്റ് ജോർജ് കപ്പേളയ്ക്കു സമീപം ഇത്തരത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്ന ഭാഗം ടാറിംഗ് നീക്കം ചെയ്ത് വീണ്ടും ടാർ ചെയ്താണ് സഞ്ചാരയോഗ്യമാക്കിയത്. ബിഎംബിസി നിലവാരത്തിലുള്ള സംസ്ഥാന പാതയിലെ വിള്ളൽ നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.