ഹോട്ടലില്‍ നിന്ന് 41.50 ലക്ഷം തട്ടിയ മാനേജര്‍ അറസ്റ്റില്‍
1396972
Sunday, March 3, 2024 3:53 AM IST
കൊച്ചി: കലൂര്‍ എസ്ആര്‍എം റോഡിലെ ഹോട്ടലില്‍ നിന്ന് 41.50 ലക്ഷം രൂപ തട്ടിയെടുത്ത അക്കൗണ്ട്സ് മാനേജര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശി ടി.ബി. അനീഷി(42)നെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഹോട്ടലില്‍ ജനറല്‍ മാനേജറായി ജോലി നോക്കുന്പോൽ 2021, 2022 കാലഘട്ടങ്ങളിലായി അനീഷ് അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ച് 26,49,697 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ഹോട്ടല്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നവർക്ക് കൊടുക്കേണ്ട 15,00,000 രൂപ ഇവർക്ക് നല്‍കാതെ അനീഷ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു.
സ്ഥാപനത്തിന്റെ എംഡിയുടെ ഒപ്പ് വ്യാജമായി ചേർത്ത് ചെക്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുകയും ചെയ്തു. ഇത്തരത്തിൽ ആകെ 41,49,697 രൂപയാണ് അനീഷ് തട്ടിയെടുത്തത്.
തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ അധികൃതര്‍ മാര്‍ച്ച് ഒന്നിന് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അനീഷ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.