ചിട്ടി സ്ഥാപന ഉടമയെ ആക്രമിച്ച് കവർച്ച: യുവതി അറസ്റ്റിൽ
1396100
Wednesday, February 28, 2024 4:23 AM IST
തൃപ്പൂണിത്തുറ: ചിട്ടി സ്ഥാപന ഉടമയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതി പിടിയിലായി. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫാസിലയെ (36) യാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള സാൻ പ്രീമിയർ ചിട്ടി സ്ഥാപന ഉടമ കീഴത്ത് വീട്ടിൽ കെ.എൻ. സുകുമാരമേനോൻ സ്ഥാപനത്തിൽ തനിച്ചായിരുന്ന സമയം കഴിഞ്ഞ 21ന് രാവിലെ 9.30യോടെ പർദ ധരിച്ചുവന്ന പ്രതി സോസും മുളകുപൊടിയും കലർത്തി കുഴമ്പ് രൂപത്തിലാക്കിയ മിശ്രിതം ദേഹത്തൊഴിച്ച് ശേഷം മർദിച്ച് മൂന്നു പവന്റെ സ്വർണമാലയും 10,000 രൂപയുമായി കടന്നു കളയുകയായിരുന്നു.
കവർച്ചയ്ക്ക് ശേഷം ഓട്ടോറിക്ഷയിൽ കണ്ണൻകുളങ്ങരയിൽ വന്നിറങ്ങി പർദ അഴിച്ച് മാറ്റി ഓടുന്നതും തിരിച്ചു നടന്നു വരുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
ഇതുൾപ്പെടെ ഒട്ടേറെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പാലക്കാടുള്ള വീട്ടിൽനിന്നു ചൊവ്വാഴ്ച രാവിലെ പിടികൂടിയത്. രണ്ടു വർഷമായി ചിട്ടി സ്ഥാപന ഉടമയുടെ വീടിന് സമീപമുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ഫാസില ഇയാളുടെ ചിട്ടി സ്ഥാപനത്തിൽ മറ്റൊരാളുടെ പേരിൽ നാലു ചിട്ടി ചേർന്നിരുന്നു.
നിരവധി തവണ സ്ഥാപനത്തിൽ വരികയും മൂന്നു തവണ അക്രമം നടത്തിയ കാബിനിലിരിക്കുകയും ചെയ്തിട്ടുള്ള ഫാസില, സുകുമാരന്റെ വീട്ടിൽ സ്ഥിരമായെത്തി ഭക്ഷണമുൾപ്പെടെ കഴിക്കാറുമുണ്ടായിരുന്നു.
ഓഫീസിലെ സാഹചര്യമെല്ലാം മനസിലാക്കിയാണ് ഇവർ രാവിലെ ഓഫീസിൽ മറ്റു ജീവനക്കാരില്ലാത്ത സമയം കവർച്ചയ്ക്കായി തെരഞ്ഞെടുത്തത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫാസിലയെ പാലക്കാട് ഒറ്റപ്പാലത്ത് കൂടത്തായി മോഡൽ കൊലപാതക ശ്രമത്തിന് കോടതി കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഹിൽപാലസ് സ്റ്റേഷൻ എസ്എച്ച്ഒ ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.