ആദിവാസി വിദ്യാർഥികൾക്ക് അദാലത്ത് നടത്തി ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
1396092
Wednesday, February 28, 2024 4:23 AM IST
കോതമംഗലം: വർഷങ്ങളായി ജനന സർട്ടിഫിക്കറ്റ് ഇല്ലാതെ ബുദ്ധിമുട്ടിയിരുന്ന കുട്ടന്പുഴ പഞ്ചായത്തിലെ വിവിധ ഗിരിവർഗ ഊരിലെ വിദ്യാർഥി സമൂഹത്തിന് ജില്ലാ ഭരണകൂടവും ജില്ലാ നിയമ സേവന അഥോറിട്ടിയും പഞ്ചായത്തും ചേർന്ന് അദാലത്ത് നടത്തി ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 77 വിദ്യാർഥികൾക്കാണ് ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
ആധാർ കാർഡ് എടുക്കുന്നതിന് ആവശ്യമായ അടിസ്ഥാന രേഖകളിൽ ഒന്നാണ് ജനന സർട്ടിഫിക്കറ്റ്. കുട്ടികളുടെ ഭാവിയാവശ്യങ്ങൾക്ക് അടിസ്ഥാന രേഖയാകേണ്ട ആധാർ ഇല്ലാത്തതിനാൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. എറണാകുളം ജില്ലാ നിയമ സഹായ അഥോറിറ്റി വിഷയത്തിൽ ഇടപെട്ട് ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ വിവരം നൽകാൻ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
വിദ്യാർഥികളുടെ പേര് വിവരം ലഭിച്ച മുറയ്ക്ക് ജനന സർട്ടിഫിക്കറ്റ് ഒറ്റദിവസം കൊണ്ട് ക്യാന്പ് നടത്തി വിതരണം ചെയ്യാൻ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം നിർദേശം നൽകി.
അതിന്റെ അടിസ്ഥാനത്തിൽ കുട്ടന്പുഴ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ല നിയമ സഹായ അഥോറിറ്റിയുടെ മേൽനോട്ടത്തിൽ പഞ്ചായത്ത്, റവന്യു, ട്രൈബൽ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രത്യേക ജനന സർട്ടിഫിക്കറ്റ് അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാന നിയമ സേവന അഥോറിറ്റി മെന്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോണ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷയായി. ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എൻ. രഞ്ജിത്ത് കൃഷ്ണൻ, മൂവാറ്റുപുഴ ആർഡിഒ സാജു ജേക്കബ്, പട്ടികവർഗ വികസന ഓഫീസർ അനിൽഭാസ്കർ, പഞ്ചായത്തംഗം ബിനീഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു.