പേരിനൊരു ‘റെന്റല്‍ പദ്ധതി'; പുത്തന്‍ വികസനങ്ങളില്ല
1395875
Tuesday, February 27, 2024 6:24 AM IST
കൊച്ചി: പതിവ് പദ്ധതികളുടെ ആവര്‍ത്തനമായി ജിസിഡിഎ ബജറ്റ്. മുന്‍ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കി നില്ക്കുന്ന പദ്ധതികള്‍ക്ക് വീണ്ടും പണം വകയിരുത്തിയപ്പോള്‍ വരുംകാല വികസനം ജില്ലയുടെ വടക്ക് കിഴക്ക് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകുമെന്ന് ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം മുന്നില്‍ കണ്ടാണ് ഈ നീക്കം. കൊച്ചിയിലെ നിലവിലെ ജീവിത സാഹചര്യം കണക്കിലെടുത്ത് റെന്റല്‍ ഹൗസിംഗ് പദ്ധതിക്ക് രൂപം നല്‍കിയത് മാത്രമാണ് ബജറ്റിലെ പുതുമ. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കായിക രംഗത്തും നവീകരണം ലക്ഷ്യമിട്ടുള്ള ബജറ്റ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള അവതരിപ്പിച്ചു. 164.60 കോടിയുടെ വരവും 148.55 കോടിയുടെ ചെലവും 16.05 കോടിയുടെ നീക്കിയിരിപ്പും വിഭാവന ചെയ്യുന്നതാണ് 2024-25 ലെ ബജറ്റ്.
മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ ചെയര്മാന്, നടപ്പിലാക്കിയവയില് പ്രയോജയപ്പെടാതെ കിടക്കുന്നവ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും വ്യക്തമാക്കി.
കീശ കീറാതിരിക്കാന്‍ റെന്റല്‍ ഹൗസിംഗ് പദ്ധതി
നഗരത്തില്‍ ജോലി ആവശ്യങ്ങള്‍ക്കടക്കം എത്തുന്ന സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ഭവനങ്ങള്‍, ഓഫീസ് ഇടങ്ങള്‍, കോ-വര്‍ക്കിംഗ് സ്പേസുകള്‍ എന്നിവ വിഭാവനം ചെയ്യുന്നതാണ് റെന്റല്‍ ഹൗസിംഗ് പദ്ധതി. ഇതിനായി ഏഴ് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ചിതറി കിടക്കുന്നതും ഉപയോഗ ശൂന്യവുമായ ജിസിഡിഎയുടെ ഭൂമി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. നിലവില്‍ ജിസിഡിഎയുടെ വാടക കെട്ടിടങ്ങള്‍ വീണ്ടും വാടകയ്ക്ക് നല്കുന്ന സ്ഥിയാണുള്ളത്.
പലപ്പോഴും വാടക ലഭിക്കുന്ന സാഹചര്യവും പ്രതിസന്ധിയിലാണ്. ഇവ പരിഹരിക്കുന്ന വിധത്തിലാകും റെന്റല്‍ ഹൗസ് പദ്ധതി വിഭാവനം ചെയ്യുക. കടവന്ത്ര, പനമ്പിള്ളി നഗര്‍, കതൃക്കടവ്, കാക്കാനാട് എന്നിവിടങ്ങളില്‍ അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ആറ് പ്ലോട്ടുകളിലായി ഒരു മുറി അടുക്കള, രണ്ട് മുറി എന്നീ ഗണത്തിലായി 90 യൂണിറ്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
അടിമുടി മാറ്റത്തിന് അംബേദ്കര്‍ സ്റ്റേഡിയം
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അംബേദ്കര്‍ സ്റ്റേഡിയം അടിമുടി നവീകരിക്കാനാണ് ജിസിഡിഎ ലക്ഷ്യമിടുന്നത്. ഇതിന്റെ ഒന്നാംഘട്ട പദ്ധതികള്‍ക്കായി രണ്ട് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുളളത്. എട്ട് ഏക്കര്‍ സ്ഥലത്ത് ഫുട്ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ക്രിക്കറ്റ് നെറ്റ്സ്, തുറസായ കളിസ്ഥലങ്ങള്‍, നീന്തല്‍ കുളം, ജിംനേഷ്യം, കായിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്പോര്‍ട്സ് കോംപ്ലക്സ്, മെഡിക്കല്‍ റൂം, പാര്‍ക്കിംഗ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. നിലവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിട സമുച്ചയം പദ്ധതിക്കായി പൊളിക്കും.
ക്രിക്കറ്റ് ആരവം ചെങ്ങമനാട്ടേക്കും
ജിസിഡിഎ ചെങ്ങമനാട് പഞ്ചായത്തില്‍ കണ്ടെത്തിയ ഭൂമിയില്‍ നാല് വര്ഷത്തിമുള്ളില് 400 കോടി രൂപ ചെലവില്‍ ബിസിസിഐ ക്രിക്കറ്റ് സ്റ്റേഡിയം പൂര്‍ത്തിയാക്കും. ഇതിന് മുന്നോടിയായി ചെങ്ങമ്മനാട് പഞ്ചായത്തും ജിസിഡിഎയും ചേര്‍ന്ന് നഗരാസൂത്രണ പദ്ധതി ആവിഷ്കരിച്ച് വരികയാണ്. റോഡ്, ജലവിതരണം, കെട്ടിട നിര്‍മാണം തുടങ്ങിയവയാണ് പഠിക്കുന്നത്.
നഗരത്തിന് അല്പം കൂടി സൗന്ദര്യം
നഗര സൗന്ദര്യവത്കരണത്തിന് 300 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 100 കോടി കൊച്ചിക്കാണ്. നഗരത്തിന്റെ മുഖച്ഛായ മാറ്റുകയാണ് ഇതിലൂടെ ജിസിഡിഎ ലക്ഷ്യമിടുന്നത്. ഇതിന് പുറമേ എംജി റോഡില്‍ അങ്കലാര ചെടികള്‍ സ്ഥാപിച്ച് മോടിയാക്കാന്‍ 5 ലക്ഷം നീക്കിവച്ചിട്ടുണ്ട്. ആദ്യഘട്ടം എംജി റോഡില്‍ ഒരു കിലോമീറ്റര്‍. പിന്നീട് നഗരം മുഴുവന്‍ വ്യപിപ്പിക്കും. സിഎസ്ആര്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലകളെ ആശ്രയിച്ചാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
പെരിയാറിനെ പഠിക്കും
ജില്ലയുടെ തലയെടുപ്പായ പെരിയാര്‍ നദിയെക്കുറിച്ച് ജിസിഡിഎ പഠിക്കും. പെരിയാര്‍ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ജിസിഡിഎ പരിധിയില്‍ വരുന്ന ജലാശങ്ങളെക്കുറിച്ചും പഠനം നടത്താനാണ് തീരുമാനം. ഉപഗ്രഹ ചിത്രങ്ങളുടെ കൂടെ സഹായത്തോടെയാകും പഠനം.
കാര്‍ബണ്‍ ന്യൂട്രല്‍ കൊച്ചി
നഗരവികസനത്തിന് കാര്‍ബണ്‍ ന്യൂട്രാലിറ്റിക്ക് (ഹരിത വാതക ബഹിര്‍ഗമനം കുറയ്ക്കല്‍) വലിയ പ്രാധാന്യമുണ്ട്. ഹരിത വാതകങ്ങളുടെ തോത് കുറയ്ക്കുന്ന ഏജന്‍സിയായി ജിസിഡിഎ മാറും. ഒരു വര്‍ഷം കൊണ്ട് ജിസിഡിഎ ഓഫീസും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും ഒരു വര്‍ഷംകൊണ്ട് കാര്‍ബണ്‍ ന്യൂട്രലായി പ്രഖാപിക്കാനാണ് പദ്ധതി.
ഇതിനായി കര്‍മ പദ്ധതതി രൂപീകരിക്കും. ഹരിത കേരളം മിഷനുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനൊപ്പം നിര്‍ദിഷ്ട പദ്ധതി സമയബന്ധിതമായി നിരീക്ഷിക്കാനും വിലയിരുത്താനും നടപ്പിലാക്കാനും ഒരു സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പും രൂപീകരിക്കും.
കലൂര്‍ സ്റ്റേഡിയം പൊതുപാരിപാടികള്ക്കും
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയും ഇനിമുതല്‍ പൊതുപരിപാടികള്‍ക്കും. ഇതിന് മുന്നോടിയായി ഉയര്‍ന്ന സാന്ദ്രതയുള്ള പോളിത്തിലീന് ഉപയോഗിച്ച് നിര്‍മിച്ച യുവി സ്റ്റെബിലൈസര്‍ സംവിധാനമുള്ള ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകള്‍ സ്ഥാപിക്കും. എട്ട് കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കായിക വകുപ്പ് മുഖേന സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാനും ജിസിഡിഎ ലക്ഷ്യമിടുന്നു.
ടൂറിസം ലക്ഷ്യമിട്ട് ‘മാപ്പ്'
ജിസിഡിഎയുടെ പരിധിയില്‍ വരുന്ന ചരിത്ര സ്മാരകങ്ങള്‍, പൈതൃതക കേന്ദ്രങ്ങള്‍, ദ്വീപുകള്‍, ട്രക്കിംഗ് ഇടങ്ങള്‍ എന്നിവ കോര്‍ത്തിണക്കി മാപ്പ് തയാറാക്കും. ടൂറിസം വികസനം ലക്ഷ്യമിട്ടാണ് പദ്ധതി. സെപ്റ്റംബറില്‍ മാപ്പ് പുറത്തിറക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. 25 ലക്ഷമാണ് വകയിരുത്തിയിട്ടുള്ളത്.
സാഹിത്യോത്സവം
ജില്ലയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സാഹിത്യോത്സവം സംഘടിപ്പിക്കും. പ്രമഥ സാഹിത്യോത്സം പ്രഫ. എം.കെ. സാനുവിന്റെ പേരിലാകും സംഘടിപ്പിക്കുക. കവി സ്മാരകങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനും വിലയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്. ഇടപ്പള്ളി രാഘവന് പിള്ള മെമ്മോറിയല്‍ പാര്‍ക്ക് നവീകരണത്തിന് 10 ലക്ഷം, ചങ്ങമ്പുഴ സമാധി നവീകരണത്തിന് 25 ലക്ഷം, കാക്കനാട് കെ.ടി. ജോര്‍ജ് പാര്‍ക്ക്, തിരുവോണം പാര്‍ക്ക് നവീകരണത്തിനുമായി 10 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. അമച്വര്‍ നാടകങ്ങള്‍ക്ക് സ്ഥിരംവേദിയും ആലോചനയിലുണ്ട്.