വന്യമൃഗശല്യം: തലക്കോട് വനം വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
1395865
Tuesday, February 27, 2024 6:24 AM IST
കോതമംഗലം: വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് തലക്കോട് വനംവകുപ്പ് ഓഫിസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട്, അള്ളുങ്കൽ, പാച്ചോറ്റി എന്നീ പ്രദേശങ്ങളിലുള്ളവരും വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് നിവാസികളുമാണ് തലക്കോട് വനംവകുപ്പ് ഓഫീസ് മാർച്ചും ധർണയും നടത്തിയത്.
ആക്ഷൻ കൗണ്‍സിലുകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം. സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ സമരത്തിൽ പങ്കെടുത്തു. വന്യമൃഗശല്യം രൂക്ഷമാകുന്പോഴും വനംവകുപ്പ് കാഴ്ചക്കാരാകുന്ന ഇപ്പോഴത്തെ സാഹചര്യം തുടർന്നാൽ ജനങ്ങൾ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു മുന്നറിയിപ്പ് നൽകി.
ആക്ഷൻ കൗണ്‍സിൽ ചെയർമാൻ യാസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, അംബികാപുരം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് ചൂരത്തൊട്ടി തുടങ്ങിയവർ പ്രസംഗിച്ചു.