കൊയ്ത്തുത്സവത്തിനൊരുങ്ങി തൃക്കളത്തൂർ പാടശേഖരം
1395822
Tuesday, February 27, 2024 6:01 AM IST
മൂവാറ്റുപുഴ: കൊയ്ത്തുത്സവത്തിനൊരുങ്ങി തൃക്കളത്തൂർ പാടശേഖരത്തിലെ നെൽകൃഷി. പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ കാവുംപടി ഭാഗത്തുള്ള തോട്ടുപുറത്ത് യുവകർഷകനായ ജയരാജിന്റെയും സുഹൃത്തുകളുടെയും നേതൃത്വത്തിൽ പായിപ്ര കൃഷിഭവന്റെ സഹകരണത്തോടെ ഇറക്കിയ നെൽകൃഷിയാണ് കൊയ്ത്തുത്സവത്തിനായി ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി തരിശായി കിടന്ന അഞ്ച് ഹെക്ടർ വരുന്ന പാടശേഖരം ജയരാജിന്റെയും സുഹൃത്തുക്കളുടെയും കഠിനപരിശ്രമത്തിനൊടുവിലാണ് നിലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയത്.
കനാൽ വെള്ളം ലഭിക്കുന്നതും താഴ്ചയുള്ള പാടമായതിനാലും കൃഷി ഇറക്കിയാൽ കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ പരന്പരാഗത കർഷകരൊന്നും ഇവിടെ കൃഷി ചെയ്യാൻ തയാറല്ലായിരുന്നു. 20 വർഷത്തിലധികമായി കൃഷിയൊന്നും ചെയ്യാതെ കിടന്നതിനാൽ കാട് കയറി വെള്ളകെട്ടും രുപപ്പെട്ട് കിടന്ന സ്ഥലമാണ് പ്രതിസന്ധികളെ അതിജീവിച്ച് ഈ കർഷകർ പൊന്നുവിളയിച്ചത്. പായിപ്ര കൃഷിഭവനിൽ നിന്നും നൽകിയ ഉമ ഇനത്തിൽപെട്ട വിത്താണ് വിതച്ചത്.
നെൽകൃഷിയോടൊപ്പം പാടശേഖരത്തിന്റെ വരന്പിൽ ടിഷ്യു കൾച്ചർ ഏത്തവാഴയും കൃഷി ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവറായ ജയരാജ് അവധി ദിനങ്ങളാണ് കൃഷിയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. പായിപ്ര പഞ്ചായത്തിന് പുറമേ മഴുവന്നൂർ പഞ്ചായത്തിലും നെൽകൃഷി ചെയ്യുന്നുണ്ട്. നെൽകൃഷിയുടെ കൊയ്ത്തുത്സവം 29ന് രാവിലെ 9.30ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് നിർവഹിക്കും.