കാടിറക്കം "ആധി'കാലം... കുഞ്ചിപ്പാറ മറക്കില്ല ലിസി ടീച്ചറെ
1394745
Thursday, February 22, 2024 10:51 AM IST
ഏകാധ്യാപക വിദ്യാലയത്തിലെ ലിസി ടീച്ചർ അവിടുത്തെ കുട്ടികൾക്കു മാത്രമായിരുന്നില്ല പ്രദേശത്തെ ഗോത്രജനതയ്ക്കാകെയും പ്രിയപ്പെട്ടവളായിരുന്നു. കാടിനുള്ളിൽ ഒതുങ്ങിയ തങ്ങളുടെ ജീവിതങ്ങളേക്കാൾ, മക്കളുടെ ജീവിതങ്ങൾക്കു പുതുസ്വപ്നങ്ങളുടെ നിറമുള്ള നല്ല നാളെകൾ നിർമിക്കുന്ന ടീച്ചറെ അവർ തങ്ങളുടെ സ്വന്തമായി കരുതി. നിനച്ചിരിക്കാത്ത നേരത്താണു ടീച്ചർ അവർക്ക് ഒരു ദുരന്തസ്മൃതിയായി മാറിയത്...!
പരീക്ഷ പേപ്പർ വാങ്ങാനിറങ്ങിയത് അന്ത്യയാത്രയായി
ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികളുടെ പരീക്ഷയുടെ ചോദ്യപേപ്പർ വാങ്ങാൻ കാടിറങ്ങുന്പോൾ കാട്ടാനയുടെ ചവിട്ടേറ്റാണു ടീച്ചർ കൊല്ലപ്പെട്ടത്. 2013 മാർച്ച് 11നായിരുന്നു ദാരുണസംഭവം.
കുട്ടന്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കുടിയിൽ പട്ടികവർഗ വിഭാഗത്തിനുള്ള ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്നു ലിസി ജോസഫ് കാക്കനാട്ട് (43). മാമലക്കണ്ടം സ്വദേശിനിയായ ലിസി പ്രവൃത്തിദിവസങ്ങളിൽ വിദ്യാലയത്തിനടുത്ത് വനിതാക്ഷേമകേന്ദ്രത്തിലാണു താമസം. ഇവിടുന്നു കാട്ടുപാതയിലൂടെ കല്ലേലിമേടിലേക്കു കാൽനടയായി പോകുന്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
രാവിലെ 7.30ന് കല്ലേലിമേട്ടിൽ നിന്നു ഷട്ടിൽ സർവീസ് നടത്തുന്ന ജീപ്പ് പിടിക്കുന്നതിന് വേഗത്തിൽ നടന്ന ടീച്ചർ ഈറ്റക്കൂട്ടത്തിൽ മറഞ്ഞിരുന്ന ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ നിലത്തുവീണ ടീച്ചറെ ആന തുന്പിക്കൈയിലെടുത്ത് എറിഞ്ഞു. തത്ക്ഷണം മരണം.
നഷ്ടപരിഹാരം കിട്ടി, ജോലിയും
ഏകാധ്യാപക വിദ്യാലയം പിന്നീട് നിർത്തി. ബെന്നിയാണ് ലിസി ടീച്ചറുടെ ഭർത്താവ്. കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ സർക്കാർ നൽകി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഇടപെടലിലൂടെ മകൻ കെ.ബി. ബൈബിനു സർക്കാർ വാഗ്ദാനം ചെയ്ത ജോലിയും ലഭിച്ചു. ഇപ്പോൾ കോതമംഗലം അയ്യങ്കാവ് സ്കൂളിൽ അനധ്യാപക ജീവനക്കാരനാണു ബൈബിൻ. ബെസ്റ്റിൻ, ബെല്ലീന എന്നിവരാണു മറ്റു മക്കൾ.
കോതമംഗലത്തും കുട്ടന്പുഴയിലുമെല്ലാം ഇന്ന് കാട്ടാന ആക്രമണത്തെക്കുറിച്ചുള്ള ഏതു വർത്തമാനങ്ങളിലും കടന്നുവരുന്ന പേരാണ് ഏകാധ്യാപക വിദ്യാലയത്തിലെ ലിസി ടീച്ചർ.
കുളിക്കടവിലെ ആനക്കലി
ഈറ്റവെട്ട് തൊഴിലാളിയെ പുഴയിൽ കാട്ടാന ചവുട്ടി കൊലപ്പെടുത്തിയ സംഭവം പൂയംകുട്ടി ഗ്രാമത്തെയാകെ നടുക്കി. പൂയംകുട്ടി കാടുകളെക്കുറിച്ച് വിശദമായി അറിവുണ്ടായിരുന്ന മുൻ വനംവകുപ്പ് വാച്ചർ കൂടിയായ ജോണി വേങ്ങൂരാൻ (48) ആണ് 2017 മാർച്ച് 14നു കൊല്ലപ്പെട്ടത്.
സന്ധ്യയ്ക്കു പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണു ജോണിയെ ആന ആക്രമിച്ചത്. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിൽ തടസവാദം പറഞ്ഞ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ജോണിയുടെ മൃതദേഹവുമായി കോതമംഗലം ഡിഎഫ്ഒ ഓഫീസ് പൂയംകുട്ടി ജനസംരക്ഷണ സമിതി ചെയർമാൻ ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഉപരോധിച്ചു.
ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ അഞ്ചു ലക്ഷം രൂപ അനുവദിക്കാൻ ധാരണയായി. 48 മണിക്കൂറിനകം എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി നഷ്ടപരിഹാരത്തുക കൈമാറി. അവിവാഹിതനായിരുന്നു ജോണി.
കുറ്റബോധമുണ്ടാകട്ടെ; കരുതലും
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ, പരിക്കേറ്റവർ, ജീവനോപാധികൾ ഇല്ലാതായവർ, അനാഥമാക്കപ്പെട്ട കുടുംബങ്ങൾ, തകർന്ന വീടുകൾ, നശിച്ചു പോയ കൃഷിയിടങ്ങൾ... ഈ ദുരന്തങ്ങളെല്ലാം സംഭവിച്ചതിൽ സർക്കാരിനും വനംവകുപ്പിനും കുറ്റബോധമുണ്ടാകട്ടെ.! ഇനി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ കരുതൽ കൂടിയുണ്ടാകുന്പോഴാണല്ലൊ ഒരു സർക്കാർ സർക്കാരാവുന്നത്.
(അവസാനിച്ചു)
സിജോ പൈനാടത്ത്
വനംവകുപ്പും സർക്കാരും അറിയാൻ
*വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് സമാശ്വാസ ധനസഹായം 30 ലക്ഷമെങ്കിലും ആക്കണം. കുടുംബത്തിന്റെ കടബാധ്യതകൾ സർക്കാർ ഏറ്റെടുക്കണം. വന്യജീവി ആക്രമണങ്ങളെ പ്രകൃതി ദുരന്തമായി കണ്ട് അതുമായി ബന്ധപ്പെട്ട സകല ബാധ്യതകളും സർക്കാർ ഏറ്റെടുക്കണം.
*നഷ്ടപരിഹാരം വിതരണം ചെയ്യാൻ അടിയന്തിരമായി ഫോറസ്റ്റ് ട്രിബ്യൂണൽ രൂപീകരിക്കണം.
*വിളനാശമുണ്ടായാൽ നഷ്ടപ്പെടുന്ന വിളയുടെ വരുമാനവും എത്രകാലം വരെ ലഭിക്കാം എന്നുള്ളതും കണക്കാക്കി ഇപ്പോൾ കൊടുക്കുന്നത് പോലെ നഷ്ടപരിഹാരമല്ല വരുമാന നഷ്ടമാണ് കൊടുക്കേണ്ടത്.
*വന്യജീവി സംരക്ഷണ നിയമം ഉടനടി ഭേദഗതി ചെയത്, മനുഷ്യന്റെ ജീവനും ജീവനോപാധിക്കും നാശം വരുത്തുന്ന വന്യജീവികൾ വനത്തിനുപുറത്തെത്തിയാൽ നേരിടുന്നതിനുള്ള അനുവാദം നൽകണം.