പോലീസിന് എയ്ഡ് പോസ്റ്റായപ്പോൾ സ്ത്രീകൾക്കു നഷ്ടമായത് വിശ്രമമുറി
1374400
Wednesday, November 29, 2023 6:47 AM IST
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിശ്രമിക്കാന്‍ ഇടമില്ലാതെ വലഞ്ഞ് സ്ത്രീകള്‍. ഇവിടെ ഉണ്ടായിരുന്ന വിശ്രമമുറി പോലീസ് എയ്ഡ്പോസ്റ്റ് ആക്കിയതോടെയാണ് രാത്രികാലങ്ങളില്‍ സുരക്ഷിത ഇടമായിരുന്ന വിശ്രമമുറി സ്ത്രീകൾക്കു നഷ്ടമായത്.
സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ മുറി വിട്ടുനല്‍കുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും മുറിക്കകത്തും പുറത്തും പോലീസ് എയ്ഡ്പോസ്റ്റ് എന്ന് എഴുതിവച്ചിട്ടുള്ളതിനാല്‍ പലരും സന്നദ്ധമാകുന്നില്ല.
ചെറിയ മഴയില്‍പോലും വെള്ളക്കെട്ടിലാകുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ, സ്ത്രീകള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ വിശ്രമമുറി. പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളാണെങ്കില്പോലും വെള്ളം കയറാത്ത ഒരിടം എന്ന നിലയില്‍ ഒട്ടേറെ സ്ത്രീകള്‍ ഈ വിശ്രമമുറിയെ ആശ്രയിച്ചിരുന്നു. മാത്രമല്ല, മദ്യപാനികളുടെയും മോഷ്ടാക്കളുടെയും മറ്റു സാമൂഹ്യവിരുദ്ധരുടെയും അക്രമണങ്ങള്‍ പതിവായ ഇവിടെ സുരക്ഷിത ഇടമായിരുന്നു സ്ത്രീകള്‍ക്ക് ഈ വിശ്രമമുറി.
വിശ്രമമുറി നഷ്ടമായതോടെ സ്റ്റാന്‍ഡിലെ താഴ്ന്ന ഭാഗത്തുള്ള പൊതു ഇരിപ്പിടങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. മഴ മാറി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സ്റ്റാന്‍ഡിനുള്ളില്‍ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവായിട്ടില്ല. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടില്‍ തന്നെയാണ്. മലിനജലത്തില്‍ ചവിട്ടി ബസ് കാത്തുനില്‍ക്കേണ്ട ഗതികേടാണ് യാത്രക്കാര്‍ക്ക് .
നേരത്തെയുണ്ടായിരുന്ന പോലീസ് എയ്ഡ്പോസ്റ്റ് റൂം വെള്ളംകയറി ശോചനീയാവസ്ഥയിലായതിനാലാണ് സ്ത്രീകളുടെ വിശ്രമമുറിയിലേക്ക് എയ്ഡ്പോസ്റ്റ് മാറ്റിയതെന്നാണ് പോലീസിന്റെ വിശദീകരണം. മുറിയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം പഴയ ഓഫീസിനു മുന്നില്‍ ചെളിയും മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്. മാത്രമല്ല, ചെറിയ മഴയില്‍പോലും മലിന്യംകലര്ന്ന വെള്ളം മുറിക്കുള്ളിലേക്ക് ഇരച്ചുകയറും. പിന്നെ പോലീസ്കാര്‍ക്ക് ഇതിനുള്ളില്‍ ഇരിക്കാന്‍പോലുമാകില്ല. ഓഫീസ് നവീകരിച്ച് നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി അധികൃതരുടെ ഭാഗത്തുനിന്ന് ഒരനക്കവും ഉണ്ടാകില്ലെന്നുമാണ് പോലീസിന്റെ പരാതി.
പോലീസും ടൂറിസം വകുപ്പും സംയുക്തമായി സ്റ്റാന്‍ഡില്‍ ഹെല്‍പ്പ് ടെസ്ക് മാതൃകയില്‍ പുതിയ എയ്ഡ് പോസ്റ്റ് നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നും സജീവമല്ല. കാരിക്കാമുറിയില്‍ വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി പുതിയ സ്റ്റാന്‍ഡ് നിര്‍മിക്കുന്ന പദ്ധതി നിലവിലുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ അവിടേക്ക് മാറേണ്ടതുള്ളതിനാല് പുതിയ നിര്‍മിതികള്‍ തല്കാലം വേണ്ടായെന്നാണ് അധികൃതരുടെ നിലപാട്.