കളമശേരി: സ്വകാര്യ ആശുപത്രി ഡോക്ടർ എറണാകുളം ഗവ. മെഡിക്കൽ കോളജിനെതിരെ അപവാദം പ്രചരിപ്പിക്കുന്നവെന്നാരോപിച്ച് മെഡിക്കൽ കോളജ് വിദ്യാർഥി പരാതി നൽകി. സാധാരണക്കാരായ ആയിരക്കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് ഡോ. സനൽകുമാറിനെതിരെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയത്.
കഴിഞ്ഞ 29ന് നടന്ന സാമ്ര സ്ഫോടനം, കഴിഞ്ഞ ദിവസം കുസാറ്റിലുണ്ടായ അപകടം എന്നിവയിൽ ചികിത്സ തേടിയ നിരവധി പേർക്ക് സ്തുത്യർഹമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ശ്രമിച്ച ആശുപത്രിയെയും ജീവനക്കാരെയും താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളിലൂടെ ഇദ്ദേഹം നടത്തുന്നതെന്നും കൃഷ്ണയ്യരുടെ പേര് ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ പറഞ്ഞു. മെഡിക്കോസ് സംസ്ഥാന കൺവീനർ എ.ആർ. കൃഷ്ണ കാന്താണ് പരാതി നൽകിയത്.