ദേശീയ ആരോഗ്യ മാധ്യമ ഉച്ചകോടി 20 മുതല്‍ കൊച്ചിയില്‍
1592842
Friday, September 19, 2025 4:10 AM IST
കൊച്ചി: എറണാകുളം പ്രസ് ക്ലബ് ആസ്റ്റര്‍ മെഡ്സിറ്റി, ഐഎംഎ കൊച്ചി എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാഷണല്‍ ഹെല്‍ത്ത് ജേര്‍ണലിസം സമ്മിറ്റ് 20, 21 തീയതികളില്‍ കൊച്ചിയില്‍ നടക്കും. 20ന് രാവിലെ 10.30ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. കലൂര്‍ ഐഎംഎ ഹൗസില്‍ നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മുപ്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും.
എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് ആമുഖപ്രസംഗം നടക്കും. എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, ടി.ജെ. വിനോദ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
വിവിധ സെഷനുകളില്‍ പ്രിസ്ക്രൈബിംഗ് ദി റൈറ്റ് ഡോസേജ്, സെക്കന്‍ഡ് വിക്ടിം, നാവിഗേറ്റിംഗ് ഗ്രേ സോണ്‍സ്, ഹീല്‍ ഇന്‍ ഇന്ത്യ, ഇന്റര്സെക്ഷന് ഓഫ് എഐ, ലേര്‍ണിംഗ് ഫ്രം കോവിഡ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വൈകുന്നേരം 4.30ന് നടക്കുന്ന ഫയര്‍ സൈഡ് ചാറ്റില്‍ പത്മഭൂഷണ്‍ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം ചികിത്സാ രംഗത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കും.
21ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയാകും. ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഷുഹൈബ് ഖാദര്‍, ഐഎംഎ കൊച്ചിന് സെക്രട്ടറി ഡോ. സച്ചിന് സുരേഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.